പ്രശസ്ത നടിയും ഓസ്കർ ജേതാവുമായ മാഗി സ്മിത്ത് (89) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതമായിരുന്നു മാഗിയുടേത്. ഹാരി പോട്ടർ സീരിസിലൂടെയാണ് മാഗി സ്മിത്ത് ലോക ശ്രദ്ധ നേടിയത്. ഹാരി പോട്ടറിലെ പ്രൊഫസർ മിനർവ മക്ഗൊനാഗൽ എന്ന റോളായിരുന്നു മാഗി ചെയ്തത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
രണ്ട് ഓസ്കർ അവാർഡും നാല് എമ്മി അവാർഡുകളുമുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചു. ദ് പ്രൈം ഓഫ് മിസ് ജീൻ ബ്രോഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ആദ്യ ഓസ്കർ അവാർഡ് ലഭിച്ചത്. കാലിഫോർണിയ സ്യൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള രണ്ടാമത്തെ ഓസ്കർ അവാർഡും ലഭിച്ചിരുന്നു.