Site iconSite icon Janayugom Online

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതി പട്ടിക സമര്‍പ്പിച്ചു

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പൊലീസ് കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രമേശൻ സി കെ, കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹന, കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സുമാരായ രഹന, മഞ്ജു കെ ജി എന്നിവരാണ് കേസിലെ പ്രതികൾ. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്. കുന്ദമംഗലം കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാല് പേർക്കും വൈകാതെ തന്നെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി കെ സുദർശന്റെ നേതൃത്വത്തിലായിക്കും ചോദ്യം ചെയ്യുക. പട്ടികയിൽ ഉൾപ്പെട്ട മൂന്ന് പേർ ഇപ്പോൾ സർക്കാർ ജീവനക്കാരനായതിനാൽ ചോദ്യം ചെയ്യലിനും അറസ്റ്റിനും പ്രത്യേക അനുമതി വാങ്ങേണ്ടി വരും. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ശസ്ത്രകിയ നടക്കുമ്പോൾ ലേബർ റൂം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാല് പേരും. 2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് ഹർഷിനക്ക് മൂന്നാമത് ശസ്ത്രക്രിയ നടക്കുന്നത്. നേരത്തെ പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. 

മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണ് മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ പൊലീസ് അഞ്ച് മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയാണ് റിപ്പോർട്ട് കോടതിയ്ക്ക് കൈമാറുന്നത്. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വ്യക്തമാണെന്നും പരാതിക്കാരിയുടെ വാദങ്ങൾ ശരിയാണെന്നും മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ അറിയിച്ചു. ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിചേർത്തിരുന്ന മെഡിക്കൽ കോളജ് ഐഎംസിഎച്ച് മുൻ സൂപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്നുകണ്ട് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹർഷീന വീണ്ടും ആശുപത്രിയിലെത്തിയത്. എന്നാൽ വേദന തുന്നലിട്ടതിന്റേതെന്നായിരുന്നു ഡോക്ടർമാരുടെ വാദം. തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളും അണുബാധയും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് വയറിനുള്ളിലെ ലോഹവസ്തുവിനെപ്പറ്റി വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കൽകോളേജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്ന പൊലീസ് കണ്ടെത്തൽ ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയെങ്കിലും തുടർ നടപടികളുമായി പൊലീസ് മുന്നോട്ടു പോകുകയായിരുന്നു. 

Eng­lish Sum­ma­ry: Harshi­na case revised charge sheet filed

You may also like this video

Exit mobile version