Site iconSite icon Janayugom Online

ഹര്‍ഷിതാഭിഷേകം; ഹര്‍ഷിതാ ജയറാമിന് മൂന്നാം സ്വര്‍ണം, ബാസ്കറ്റ്ബോളില്‍ കേരളത്തിന്റെ പുരുഷ‑വനിതാ ടീമുകള്‍ക്ക് വെള്ളി

38-ാമത് ദേശീയ ഗെയിംസില്‍ മൂന്നാം സ്വര്‍ണം നീന്തിയെടുത്ത് ഹര്‍ഷിത ജയറാം. നീന്തലില്‍ 100 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് വിഭാഗത്തിലാണ് ഇന്നലെ ഹര്‍ഷിത സ്വര്‍ണം നേടിയത്. രണ്ടു മിനിറ്റ് 42.38 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. നേരത്തേ 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്ക്, 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക് ഇനങ്ങളിലും ഹർഷിത സ്വർണം നേടിയിരുന്നു. രണ്ട് ദേശീയ ഗെയിംസുകളിലായി ഹർഷിതയുടെ അഞ്ചാം മെഡലാണിത്. കഴിഞ്ഞ തവണത്തെ ദേശീയ ഗെയിംസിൽ 50 മീറ്റര്‍, 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കുകളിൽ ഹർഷിത സ്വർണം നേടിയിരുന്നു. ഈ ഗെയിംസിൽ ഹർഷിത ഇനി മൂന്ന് ഇനങ്ങളിൽ കൂടി പങ്കെടുക്കും.

വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് സ്വ­ര്‍ണം. ഫൈനലില്‍ മഹാരാഷ്ട്രയെയാണ് കേരളം പരാജയപ്പെടുത്തിയത്. സ്കോര്‍ 11–7. പുരുഷ വിഭാഗം വാട്ടര്‍ പോളോയില്‍ കേരളം വെങ്കലം സ്വന്തമാക്കി. പശ്ചിമ ബംഗാളിനെതിരെയാണ് കേരളത്തിന്റെ ജയം. 3x3 ബാസ്കറ്റ്ബോൾ ഫൈനലിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകൾക്ക് വെള്ളി. പുരുഷ ടീം മധ്യപ്രദേശിനോട് സഡൻഡെത്തിലാണ് തോറ്റത്. നിശ്ചിത സമയത്ത് 20–20 ന് ഇരു ടീമും തുല്യത പാലിച്ചതിനെത്തുടർന്നാണ് സഡൻഡെത്ത് വേണ്ടി വന്നത്. വനിതാ ടീം തെലങ്കാനയോടാണ് പരാജയപ്പെട്ടത്. ബീച്ച് വോളിയില്‍ പുരുഷന്‍മാരുടെ ടീം ക്വാര്‍ട്ടറില്‍ കടന്നു.

Exit mobile version