Site icon Janayugom Online

ആലപ്പുഴയിൽ ഹർത്താൽ പൂർണ്ണം

കർഷക വിരുദ്ധതക്കെതിരെ ചരിത്ര മുന്നേറ്റം കുറിച്ച ഭാരത് ബന്ദിന്റെ ഭാഗമായി സംസ്ഥാനത്ത് ആഹ്വനം ചെയ്ത ഹർത്താൽ ആലപ്പുഴ ജില്ലയിൽ പൂർണ്ണം. ഓഫിസുകളും കട കമ്പോളങ്ങളും അടഞ്ഞുകിടന്നു. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. വാഹനങ്ങളെ തടഞ്ഞില്ല. പൊതുഗതാതം പൂർണ്ണമായി സ്തംഭിച്ചു. ജില്ലയിൽ പൊതുവെ സമാധാനപരമായിരുന്നു ഹർത്താൽ.

എങ്ങും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പത്രം, പാൽ, ആംബുലൻസ്, വിവാഹം, മരുന്ന് വിതരണം രോഗികളുടെ സഞ്ചാരം എന്നിവ ഉൾപ്പെട്ട അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. ജീവനക്കാരുടെയും യാത്രക്കാരുടെയും കുറവ് പരിഗണിച്ച് കെഎസ്ആർടിസിയും ജലഗതാഗത വകുപ്പും സർവീസ് നടത്തിയില്ല. ഹർത്താൽ അവസാനിക്കുന്ന വൈകിട്ട് 6 മണിക്ക് ശേഷം അന്തർജില്ലാ, അന്തർ സംസ്ഥാന സർവീസുകൾ കെഎസ്ആർടിസി ആരംഭിച്ചു.

ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു വിവിധ സ്ഥലങ്ങളിൽ സംയുക്ത ട്രേഡ് യൂണിയനും വിവിധ സംഘടനകളും ഐക്യദാർഢ്യസദസുകൾ സംഘടിപ്പിച്ചു. വളവനാട് സംഘടിപ്പിച്ച കർഷക ഐക്യദാർഢ്യ സദസ് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ എം കുഞ്ഞച്ചൻ അദ്ധ്യക്ഷനായി. പി അവിനാശ്, കലാമോൾ എന്നിവർ പ്രസംഗിച്ചു. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നടത്തിയ ഐക്യദാർഢ്യ സംഗമം എഐടിയുസി ദേശിയ കൗൺസിൽ അംഗം പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു. വി ആർ പ്രകാശൻ അധ്യക്ഷത വഹിച്ചു. എഐടിയുസി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി പി മധു സ്വാഗതം പറഞ്ഞു. ബി നസീർ, കെ എൽ ബെന്നി, പി ബി സോമിനി തുടങ്ങിയവർ സംസാരിച്ചു.

സംയുക്ത ട്രേഡ് യൂണിയൻ ആലപ്പുഴ ക്വിറ്റ് ഇന്ത്യാ സ്തുപത്തിന് മുന്നിൽ നടത്തിയ ഐക്യദാർഢ്യ സംഗമം എഐടിയൂസി ജില്ലാ സെക്രട്ടറി വി മോഹൻദാസ് ഉത്ഘാടനം ചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. എ ആബിദ്, ആർ വെങ്കിടേഷ് എന്നിവർ പ്രസംഗിച്ചു. ആലപ്പുഴ എവിജെ ജംഗ്ഷനിൽ നടന്ന ഐക്യദാർഢ്യ സംഗമം സിഐടിയുസംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജനും ജനറൽ ആശുപത്രി ജംഗ്ഷന് സമീപം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി ബൈജുവും ഉദ്ഘാടനം ചെയ്തു.

Exit mobile version