Site iconSite icon Janayugom Online

കടുവാ ആക്രമണത്തിനെതിരെ ഇന്ന് ഹര്‍ത്താല്‍

tigertiger

കടുവാ ആക്രമണം അതിരൂക്ഷമായതോടെ ബത്തേരി മേഖലയിലെ ചീരാലില്‍ ഇന്ന് ഹര്‍ത്താല്‍. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് ചിരാലിൽ നിന്ന് ബഹുജന മാർച്ച് പഴൂർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ എത്തി ധർണ നടത്തും.
മുത്തങ്ങ വനമേഖലയില്‍ ഇരുനൂറിനടുത്ത് കടുവകളുണ്ടെന്നാണ് പറയപ്പെടുന്നത്. കടുവകളുടെ എണ്ണം പെരുകിയതോടെ ഇവ നാട്ടിലേക്കിറങ്ങി ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. വനംവകുപ്പും സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ബഹുജനപ്രക്ഷോഭവും ഹര്‍ത്താലും ആഹ്വാനം ചെയ്തിരിക്കുന്നത്.
വയനാട് മീനങ്ങാടിയില്‍ ഇന്നലെ രാവിലെ 9.30 ഓടെ കൃഷ്ണഗിരി മലന്തോട്ടം നെല്ലിക്കാപറമ്പിൽ സെലീനയുടെയും സ്കൂളിലേക്ക് പോകുന്നതിനായി പുറത്തിറങ്ങിയ മക്കളുടെയും മുന്നിലൂടെയാണ് കടുവ നടന്നു പോയത്. കടുവയെ കണ്ട് ഭയന്ന കുടുംബത്തിന്റെ കരച്ചില്‍ കേട്ട് സമീപത്തെ വീട്ടുകാരും നാട്ടുകാരും സംഭവസ്ഥലത്തേക്കെത്തുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കടുവ ജനവാസകേന്ദ്രമായ മലന്തോട്ടത്തിലെത്തിയത്. കടുവ ആദ്യം ആക്രമണം നടത്തിയത് മലന്തോട്ടം ചീരക്കുഴി അസൈനാറിന്റെ ആടുകൾക്ക് നേരെയാണ്. നാലും അഞ്ചും വയസുള്ള മൂന്ന് ആടുകളെ കടുവ കൊന്നു. കൂട്ടിൽ കെട്ടിയിട്ട ആടുകളിൽ രണ്ടെണ്ണത്തിനെ കൊന്നിട്ട കടുവ മറ്റൊരു ആടിനെ കൂടിന് സമീപത്ത് നിന്നും 500 മീറ്റർ മാറിയുള്ള സ്വകാര്യഎസ്റ്റേറ്റിൽ കൊണ്ടുപോയി ഭക്ഷിക്കുകയും ചെയ്തു.
വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാരെത്തി പരിശോധന തുടരുന്നതിനിടെയാണ് കൃഷ്ണഗിരി വില്ലേജിന് സമീപത്തുകൂടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കടുവ വീണ്ടും എത്തിയത്. കൃഷ്ണഗിരി റാട്ടക്കുണ്ട് റോഡ് മുറിച്ച് സ്വകാര്യ എസ്റ്റേറ്റിലേക്ക് കടക്കുന്ന കടുവയെയാണ് കുട്ടികൾ കണ്ടത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാലിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ തുടങ്ങിയ ജനപ്രതിനിധികളും ചർച്ച നടത്തി. കൂട് വയ്ക്കുന്നതടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. കടുവ കൊന്ന ആടുകളെ മീനങ്ങാടി വെറ്ററിനറി സർജൻ സതീഷ് പരിശോധന നടത്തി. പ്രദേശത്ത് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Har­tal today against tiger attacks

You may like this video also

Exit mobile version