Site iconSite icon Janayugom Online

അട്ടപ്പാടിയില്‍ സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ വിളവെടുപ്പ്

കുടുംബശ്രീയുടെയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ അട്ടപ്പാടിയിലെ തദ്ദേശീയ മേഖലയിലെ വനിതാകര്‍ഷക സംഘങ്ങള്‍ മുഖേന കൃഷി ചെയ്ത സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങിന്റെ വിളവെടുപ്പ് ഉത്സവമായി. ഊരു സമിതിയുടെ നേതൃത്വത്തില്‍ പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു വിളവെടുപ്പ്. അഗളി പഞ്ചായത്തിലെ കുന്നന്‍ചാള ഊരിലെ കര്‍ഷക വെള്ളി വെള്ളിങ്കിരിയുടെ കൃഷിയിടത്തില്‍ നടത്തിയ വിളവെടുപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജി ബൈജു നിര്‍വഹിച്ചു. നിലവിലെ കര്‍ഷകരില്‍ നിന്നും നടീല്‍ വസ്തുക്കള്‍ ശേഖരിച്ച് കൂടുതല്‍ കര്‍ഷകരെ മധുരക്കിഴങ്ങ് കൃഷിയുടെ ഭാഗമാക്കുന്നതിലൂടെ തദ്ദേശീയര്‍ക്ക് ഭക്ഷ്യസുരക്ഷയും പോഷക സുരക്ഷയും സാമ്പത്തിക സുരക്ഷയും ലഭ്യമാക്കുന്നതിനുളള എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പുനര്‍ജീവനം പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലായി ആകെ ഇരുപത് ഏക്കര്‍ സ്ഥലത്താണ് മധുരക്കിഴങ്ങ് കൃഷി ചെയ്തത്. ആദ്യഘട്ടത്തില്‍ വിളവെടുക്കുന്ന കിഴങ്ങ് തദ്ദേശീയ മേഖലയിലെ സ്ത്രീകളിലും കുട്ടികളിലും നിലനില്‍ക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ഉപയോഗിക്കും. കാര്‍ഷിക മേഖലയിലെ ഉപജീവന സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും പോഷകാഹാര ലഭ്യതയും ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ നവംബറിലാണ് അട്ടപ്പാടിയിലെ തദ്ദേശീയ വനിതകളുടെ നേതൃത്വത്തില്‍ ഓറഞ്ച്, പര്‍പ്പിള്‍ നിറത്തിലുള്ള സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങ് കൃഷി ആരംഭിച്ചത്. മികച്ച വിളവ് ലഭിക്കാന്‍ അത്യുല്‍പാദന ശേഷിയുള്ള മധുരക്കിഴങ്ങ് ഇനങ്ങളുടെ രണ്ടു ടണ്ണോളം കിഴങ്ങ്, രണ്ടര ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് മികച്ച പരിശീലനവും നല്‍കി.

Exit mobile version