Site icon Janayugom Online

മുതിര്‍ന്ന നേതാക്കളില്ലാതെ ഹരിയാന ചിന്തന്‍ ശിബിര്‍; ആശങ്കയില്‍ കോണ്‍ഗ്രസ്

പഞ്ചഗുളയില്‍ വെച്ച് നടന്ന ഹരിയാന ചിന്തന്‍ ശിബിറില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കുന്നതിനാണ് ചിന്തന്‍ ശിബിര്‍ ചേര്‍ന്നത്.പണപ്പെരുപ്പം, തൊഴിലില്ലായ്മ, ക്രമസമാധാനം തുടങ്ങി നിരവധി പ്രശ്നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ചിന്തന്‍ ശിബിര്‍ വേദിയായി.രണ്‍ദീപ് സുര്‍ജെവാല, കിരണ്‍ ചൗധരി, കുമാരി സെല്‍ജ, വര്‍ക്കിങ് പ്രസിഡന്റും പാര്‍ട്ടി കാര്യ ചുമതലയുമുള്ള വിവേക് ബന്‍സാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളൊന്നും ചിന്തന്‍ ശിബിറില്‍ പങ്കെടുത്തിരുന്നില്ല

മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ വിഭാഗത്തിലെ ആളുകളായിരുന്നു ചിന്തര്‍ ശിബിറില്‍ കൂടുതലും ഉണ്ടായിരുന്നത്. എന്തുകൊണ്ട് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തില്ല എന്ന ചോദ്യത്തിന് ഹൂഡ വിഭാഗത്തിന് പ്രത്യേകിച്ച് ഉത്തരമൊന്നുമില്ലായിരുന്നു. അതേസമയം പാര്‍ട്ടിയിലെ വിഭാഗീയത ഹൂഡ നിഷേധിച്ചിരുന്നു.എല്ലാ എംഎല്‍എമാരെയും നിരവധി മുന്‍ എംപിമാരെയും നിയമസഭാംഗങ്ങളെയും ക്ഷണിച്ച് ഐക്യ മുഖം അവതരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചപ്പോള്‍, ഹൂഡയുടെ വിമതരായ ഇവര്‍ വിട്ടുനിന്നതായാണ് വിവരങ്ങള്‍. 

വിമത എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയിയെയും, ഹരിയാനയുടെ എഐസിസി ചുമതലയുള്ള വിവേക് ബന്‍സാലിനേയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്നും ആരോപണമുണ്ട്.പൊതു മീറ്റിങ്ങുകളുടെ തിരക്ക് കാരണമാണ് ഇവര്‍ക്കൊന്നും ചിന്തന്‍ ശിബിറില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് ഹരിയാന കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഉദയ് ഭാന്‍ പറഞ്ഞു.കിരണ്‍ ചൗധരിക്കും ശ്രുതി ചൗധരിക്കും അവരുടെ മണ്ഡലമായ ഭിവാനില്‍ പരിപാടികള്‍ ഉള്ളതുകൊണ്ടാണ് വരാന്‍ സാധിക്കാത്തത്. രണ്‍ദീപ് സുര്‍ജെവാല രാജ്യത്തിന് പുറത്തുമാണ്.ഭാന്‍ കൂട്ടിചേര്‍ത്തു.ചില വിഷയങ്ങളില്‍ ഹൈക്കമാന്റിനെ എതിര്‍ത്ത നേതാക്കളെ തിരിച്ച് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടങ്ങികഴിഞ്ഞുവെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ഗീത ഭുക്കല്‍, റാവു ധാന്‍ സിങ്ങ് തുടങ്ങിയവര്‍ പറഞ്ഞു.

ശിബിറില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ തിരക്കിലായിരുന്നു. ബിജെപിയിലെ മീറ്റിങ്ങുകളില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടോ? പങ്കെടുക്കണോ വേണ്ടയോ എന്നത് നേതാക്കളുടെ തീരുമാനമാണ്. ഹൂഡ അഭിപ്രായപ്പെട്ടു. മാറ്റത്തിനായുള്ള പോരാട്ടത്തിന് താന്‍ പൂര്‍ണ സജ്ജനാണെന്നും കോണ്‍ഗ്രസ് ഏല്‍പ്പിച്ച ഉത്തരവാദിത്തം സ്വീകരിക്കുന്നുവെന്നും ഹൂഡ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 6,000 രൂപ പെന്‍ഷന്‍ ലഭിക്കുമെന്നും, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം ശിബിറില്‍ പ്രഖ്യാപിച്ചു.

Eng­lish Sum­ma­ry: Haryana Chin­tan camp with­out senior lead­ers; Con­gress is worried

You may also like this video:

Exit mobile version