ഇന്ത്യയിൽ 22 തവണ വോട്ട് രേഖപ്പെടുത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡല്‍ ലാറിസ്സ. ലാറിസ്സയുടെ ചിത്രമായിരുന്നു ഹരിയാന വോട്ടർ പട്ടികയിലെ 22 വോട്ടർമാരുടെ ചിത്രമായി നൽകിയിരുന്നത്. വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച വാർത്തസമ്മേളനത്തിലായിരുന്നു ഇവരെല്ലാം വോട്ട് രേഖപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
എക്സിലൂടെ പുറത്തുവിട്ട് വിഡിയോയിലാണ് മോഡല്‍ പ്രതികരണം അറിയിച്ചത്. തനിക്ക് ഒരു തമാശപറയാനുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു അവർ വിഡിയോ തുടങ്ങുന്നത്. തന്റെ പഴയൊരു ചിത്രം ഇന്ത്യയിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഉപയോഗിച്ചുവെന്നും വിചത്രമാണെന്നുമായിരുന്നു മോഡലിന്റെ പ്രതികരണം. ഒരു സുഹൃത്താണ് എന്റെ ഫോട്ടോ ഇന്ത്യയിൽ ദുരുപയോഗം ചെയ്തുവെന്ന വിവരം അറിയിച്ചതെന്നും ലാറിസ്സ എക്സിലൂടെ വ്യക്തമാക്കി.
അതേസമയം, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ കേന്ദ്രീകൃത അട്ടിമറിയിൽ 25 ലക്ഷത്തോളം വോട്ടുകൾ കവർന്നെന്ന രാഹുലിന്റെ വെളിപ്പെടുത്തലിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. വാർത്താ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു വോട്ടർപട്ടികയിൽ കടന്നു കൂടിയ ബ്രസീലിയൻ മോഡലിന്റെ ചിത്രം രാഹുൽ പ്രദർശിപ്പിച്ചത്. സീമ, സ്വീറ്റി, സരസ്വതി, രശ്മി, വിൽമ തുടങ്ങി വ്യത്യസ്ത പേരുകളിലായി ഒരേ ചിത്രത്തിൽ വോട്ടർപട്ടികയിൽ ഇടം നേടിയത്. ഏകദേശം 10 ബൂത്തുകളിലായി 22 വോട്ടുകൾ രേഖപ്പെടുത്തിയെന്നായിരുന്നു രാഹൂല്‍ ആരോപിച്ചത്.

