Site iconSite icon Janayugom Online

സൽമാൻ ഖാനെ ശരിക്കും തീവ്രവാദിയായി പ്രഖ്യാപിച്ചോ? വിശദീകരിച്ച് പാകിസ്ഥാൻ

ബലൂചിസ്ഥാനെ കുറിച്ചുള്ള പരാമർശങ്ങൾക്കു പിന്നാലെ ബോളിവുഡ് നടൻ സൽമാൻ ഖാനെ തീവ്രവാദിയായി പാക്കിസ്ഥാൻ പ്രഖ്യാപിച്ചെന്ന വാർത്ത കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പുറത്തുവന്നത്. എന്നാൽ ഇപ്പോഴിതാ അതുസംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ.പാക്കിസ്ഥാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഫാക്ട്ചെക്കിങ് വിഭാഗമാണ് സൽമാൻ ഖാനെ സംബന്ധിച്ച് പുറത്തു വന്ന വാർത്ത തെറ്റാണെന്ന് വിശദമാക്കിയത്. സൽമാൻ ഖാന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. 

തീവ്രവാദവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയമോ പ്രവിശ്യാ ഭരണകൂടമോ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പുറത്ത് വിട്ടിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. സൽമാൻ ഖാനുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ വാർത്തകളും ഇന്ത്യൻ മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നും ഈ വാർത്ത ഇല്ലെന്നും പുറത്തുവന്ന വാർത്ത വ്യാജമാണെന്നും പോസ്റ്റിൽ പറയുന്നു. 

Exit mobile version