Site iconSite icon Janayugom Online

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഹസന്‍കുട്ടിയുടെ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷാവിധി ഇന്ന്. പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് തിരുവനന്തപുരം പോക്‌സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങിയ കുട്ടിയെയാണ് പ്രതി തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.

2024 ഫെബ്രുവരി 19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ച കുട്ടിയെ രാത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. കുട്ടിയുടെ വൈദ്യപരിശോധനാഫലം പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും പ്രോസിക്യൂഷന്‍ വിചാരണ ഘട്ടത്തില്‍ നിര്‍ണായകമായി.ഹസന്‍കുട്ടിക്കെതിരെ പോക്‌സോ ഉള്‍പ്പെടെ മറ്റ് നിരവധി കേസുകളുണ്ടെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി മുഖവിലയ്ക്കെടുത്തു. പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച സംഭവമെന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.

Exit mobile version