Site iconSite icon Janayugom Online

ഹസീനയുടെ തിരിച്ചറിയൽ കാർഡ് റദ്ദാക്കി; പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല

മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ദേശീയ തിരിച്ചറിയൽ കാർഡ് (എൻഐസി) റദ്ദാക്കിയതായി ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസി). അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹസീനയ്ക്ക് വോട്ട് ചെയ്യാനാകില്ല. ദേശീയ തിരിച്ചറിയൽ കാർഡ് റദ്ദാക്കപ്പെട്ടാല്‍ ആർക്കും വിദേശത്ത് നിന്ന് വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി അക്തർ അഹമ്മദ് പറഞ്ഞു. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനോ മറ്റ് കാരണങ്ങളാലോ വിദേശത്തേക്ക് പലായനം ചെയ്തവർക്ക് അവരുടെ എൻഐസികൾ സജീവമായി തുടരുകയാണെങ്കിൽ വോട്ടുചെയ്യാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹസീനയുടെ ഇളയ സഹോദരി ഷേഖ് റെഹാന, മകൻ സജീബ് വാസദ് ജോയ്, മകൾ സൈമ വാസദ് പുട്ടുൾ എന്നിവരുടെ എൻഐഡികള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. റെഹാനയുടെ മക്കളായ തുലിപ് റിസ്വാന സിദ്ദിഖ്, അസ്‌മിന സിദ്ദിഖ്, അനന്തരവൻ റദ്വാൻ മുജിബ് സിദ്ദിഖ് ബോബി, അവരുടെ ഭാര്യാസഹോദരനും ഹസീനയുടെ മുൻ സുരക്ഷാ ഉപദേഷ്‌ടാവുമായ മുന്‍ മേജർ ജനറൽ താരിഖ് അഹമ്മദ് സിദ്ദിഖ്, ഭാര്യ ഷാഹിൻ സിദ്ദിഖ്, മകൾ ബുഷ്‌റ സിദ്ദിഖ് എന്നിവരെയും തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കി. 

വിദ്യാര്‍ത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റ് അഞ്ചിനായിരുന്നു ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. ഇതോടെ, 16 വര്‍ഷം നീണ്ട അവാമി ലീഗ് ഭരണത്തിന് അന്ത്യമായി. 2024 ജൂലൈയിലെ കലാപത്തിനിടെ നടന്ന അതിക്രമങ്ങൾക്ക് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിൽ ഹസീനയ്ക്കെതിരായ വിചാരണ ആരംഭിച്ചിരുന്നു. 

Exit mobile version