ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്തിനു മുന്നിൽ ബംഗ്ലദേശികളുടെ പ്രതിഷേധം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ന്യൂനപക്ഷങ്ങൾ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ‘യൂനുസ് പാക്കിസ്ഥാനിയാണ്, പാക്കിസ്ഥാനിലേക്ക് മടങ്ങിപോകണം’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ‘ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളെ കൊല്ലുന്നത് നിർത്തുക’, ‘ബംഗ്ലദേശിലെ ഭീകരത അവസാനിപ്പിക്കുക’ എന്നിങ്ങനെ നിരവധി ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. യൂനുസ് രാജ്യം പിടിച്ചടക്കിയെന്നും അന്നു മുതൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും മറ്റ് മതസ്ഥരും കൊല്ലപ്പെടുകയാണെന്നും പ്രതിഷേധക്കാർ വാർത്താ ഏജൻസികളോട് പ്രതികരിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച മുൻ ഇസ്‌കോൺ പുരോഹിതനായ ചിൻമോയ് കൃഷ്ണ ദാസിനെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുഹമ്മദ് യൂനുസ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു പ്രതിഷേധം നടന്നത്.
‘മുഹമ്മദ് യൂനുസ് പാകിസ്ഥാനിയാണ്, മടങ്ങിപോകണം’; ഐക്യരാഷ്ട്രസംഘടനയ്ക്കു മുന്നിൽ പ്രതിഷേധവുമായി ഹസീന അനുകൂലികൾ

