അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി. ജഡ്ജിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപവും വിശദാംശങ്ങളും സമര്‍പ്പിക്കാനാണ് അലഹാബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി രജിസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ശേഖര്‍ കുമാര്‍ യാദവിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ ഞായറാഴ്ച വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസംഗം നടത്തിയത്. അതിനിടെ നാഷണൽ കോൺഫറൻസ് എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജി നടത്തിയതെന്നും, സുപ്രീം കോടതി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. ജഡ്ജിക്കെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിട്ടുണ്ട്.
ശേഖര്‍ കുമാര്‍ യാദവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ക്യാമ്പയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. യാദവിനെതിരെ ആഭ്യന്തര അന്വേഷണം വേണമെന്നാണ് ആവശ്യം. ജസ്റ്റിസ് യാദവിനെ ഇംപീച്ച് ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, കപില്‍ സിബല്‍ തുടങ്ങിയവരും ആവശ്യപ്പെട്ടു. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം. ഏകീകൃത സിവില്‍ കോഡ് ഭരണഘടനാപരമായ അനിവാര്യതയാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ എല്ലാ മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പൊതു നിയമം കൊണ്ടുവരും. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ സംഘ്പരിവാർ ഗ്രൂപ്പുകളിൽ മുസ്‌ലിങ്ങളെ അധിക്ഷേപിക്കാനും പരിഹസിക്കാനും ഉപയോഗിക്കുന്ന ‘കഠ്‌മുള്ള’ എന്ന പദവും ജഡ്ജി പ്രസംഗത്തിൽ ഉപയോഗിച്ചിരുന്നു.