Site iconSite icon Janayugom Online

വിദ്വേഷ പ്രസംഗം: ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഹൈക്കോടതി നോട്ടീസ്

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് ഗുവാഹട്ടി ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട വിവിധ പൊതുതാൽപര്യ ഹർജികളിലാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് അശുതോഷ് കുമാർ, ജസ്റ്റിസ് അരുൺ ദേവ് ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര സർക്കാർ, അസം സർക്കാർ, സംസ്ഥാന പൊലീസ് മേധാവി എന്നിവർക്കും കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ വിദ്വേഷം പടർത്തുന്നതാണെന്ന് പ്രാഥമികമായി നിരീക്ഷിച്ച കോടതി, വിഷയത്തിൽ വിശദമായ മറുപടി നൽകാൻ ആവശ്യപ്പെട്ടു. അസം ആസ്ഥാനമായുള്ള പ്രമുഖ സാഹിത്യകാരൻ ഹിരേന്ദ്രനാഥ് ഗുഹേയ്ൻ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.

മുഖ്യമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പൊതുമധ്യത്തിൽ ലഭ്യമായിട്ടും അസം പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്ന് ഹർജിക്കാർ ആരോപിച്ചു. ‘മിയ’ എന്ന പദം ഉപയോഗിച്ച് ബംഗാളി മുസ്ലിം വിഭാഗത്തെ നിരന്തരം അധിക്ഷേപിക്കുന്നതായും ഇത് സമുദായങ്ങൾക്കിടയിൽ സംഘർഷത്തിന് കാരണമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു പ്രത്യേക സമുദായത്തിലെ ആളുകൾക്കെതിരെ വെടിയുതിർക്കുന്നതായി സൂചിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

ഹിമന്ത ബിശ്വ ശർമ്മയുടെ വിവാദപരമായ ‘മിയ മുസ്ലിം’ പരാമർശങ്ങൾക്കെതിരെ നേരത്തെയും ദേശീയ തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നിരിക്കെ, മുഖ്യമന്ത്രിക്ക് ലഭിക്കുന്ന സംരക്ഷണം ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ഏപ്രിൽ 21‑ന് കേസ് കോടതി വീണ്ടും പരിഗണിക്കും. 

Exit mobile version