സുദര്‍ശന്‍ ടിവി എഡിറ്റര്‍ സുരേഷ് ചാവങ്കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഹിന്ദു യുവവാഹിനി സമ്മേളനത്തിലെ വിദ്വേഷ പ്രസംഗങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കേസെടുത്ത് എട്ടു മാസം കഴിഞ്ഞിട്ടും എന്തു കൊണ്ടാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങിയ ബെഞ്ച് ചോദിച്ചു. കേസില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ രണ്ടാഴ്ചയ്ക്കകം വിശദീകരിക്കാന്‍ ബെഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു.
‘അന്വേഷണത്തിന്റെ പേരില്‍ നിങ്ങള്‍ എന്താണ് ചെയ്തു കൂട്ടുന്നത്? 2021 ഡിസംബര്‍ 19നാണ് സംഭവം നടന്നത്. അഞ്ചു മാസത്തിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുക്കാന്‍ എന്തിനാണ് അഞ്ചു മാസത്തെ കാലതാമസം?’ — ഡല്‍ഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജിനോട് കോടതി ചോദിച്ചു. കാലതാമസം മനഃപൂര്‍വമല്ലെന്നും വെരിഫിക്കേഷന്‍ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും എഎസ്ജി വിശദീകരിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല.
‘കേസെടുത്ത ശേഷം നിങ്ങള്‍ എന്താണ് ചെയ്തത്? എത്ര അറസ്റ്റ് രേഖപ്പെടുത്തി. എന്ത് അന്വേഷണമാണ് നടത്തിയത്? എത്ര പേരെ വിസ്തരിച്ചു? എട്ടു മാസമായി കാര്യമായ ഒരു പുരോഗതിയുമില്ല.’- ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഡല്‍ഹി പൊലീസിന്റെ കാലതാമസം ഗൗരവമായ വിഷയമാണെന്ന് കേസില്‍ കക്ഷി ചേര്‍ന്ന അഭിഭാഷകന്‍ ഷാദാന്‍ ഫറാസത് ആരോപിച്ചു. ഒരു പ്രത്യേകയിനം ഹിംസയ്ക്കു വേണ്ടിയുള്ള ആഹ്വാനമായിരുന്നു സമ്മേളനത്തിലുണ്ടായത്. ഇതൊരാള്‍ മാത്രമായിരുന്നില്ല. ഒരാള്‍ നയിക്കുകയായിരുന്നു. അയാള്‍ക്കു പിറകില്‍ മറ്റുള്ളവര്‍ പ്രതിജ്ഞയെടുത്തുവെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
English Summary: Hate speech in Dharma Sansad: Supreme Court criticizes delaying inquiry
You may also like this video