Site iconSite icon Janayugom Online

ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണം: കടുത്ത നടപടിക്കൊരുങ്ങി പാര്‍ലമെന്ററി സമിതി

ഫേസ്‌ബുക്കിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ സോഫി ഷാങിനെയും ഫ്രാന്‍സസ് ഹേഗനെയും വിളിച്ചുവരുത്തണമെന്ന് ഐടി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി. ഇതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനും ലോക്‌സഭാ സ്പീക്കറുടെ അനുമതി തേടുന്നതുമുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവ്നാഥ് തുക്രാല്‍ ഉള്‍പ്പെടെയുള്ള ഫേസ്‌ബുക്ക് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഫേസ്ബുക്കിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങളെക്കുറിച്ച് ചില സമിതി അംഗങ്ങള്‍ ചോദ്യങ്ങളുന്നയിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ അധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളെയും 2020ലെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള രാഷ്ട്രീയപ്രേരിതമായ ശ്രമങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലെ ഡാറ്റാ സയന്റിസ്റ്റായിരുന്ന ഷാങ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Hate speech on Face­book: Par­lia­men­tary com­mit­tee ready to crack down

Exit mobile version