മോഡി ഭരണത്തില്‍ രാജ്യത്ത് വിദ്വേഷം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ രാജ്യം 52 വര്‍ഗീയ കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 2023ല്‍ 32 കലാപം നടന്ന സ്ഥാനത്താണ് 84 ശതമാനം വര്‍ധന രേഖപ്പെടുത്തിയത്. സെന്റര്‍ സ്റ്റഡി എഫ് സെസൈറ്റി ആന്റ് സെക്യൂലറിസം (സിഎസ്എസ്എസ് ) വിവിധ മാധ്യമ റിപ്പോര്‍ട്ടുകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് രാജ്യത്ത് വിദ്വേഷം പടരുന്നതായി ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭ‑നിയമസഭാ തെരഞ്ഞെടുപ്പ്കള്‍ നടന്ന 2024 ഏപ്രില്‍-മേയ് മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറിയത്. രേഖപ്പെടുത്തിയ കണക്കു പ്രകാരം 12 എണ്ണം. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ ഏഴെണ്ണമാണ് രേഖപ്പെടുത്തിയത്.
വര്‍ഗീയ കലാപത്തിന് പുറമേ മഹാരാഷ്ട്രയില്‍ ആള്‍ക്കൂട്ട ആക്രമണവും ക്രമാതീതമായി വര്‍ധിച്ചു. 13 പേര്‍ക്കാണ് സംസ്ഥാനത്ത് കലാപത്തില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ പത്ത് പേര്‍ മുസ്ലിങ്ങളും മൂന്നു പേര്‍ ഹിന്ദുക്കളുമായിരുന്നു. മതപരമായ ആഘോഷ വേളയിലാണ് ഇവിടെ ഏറിയ പങ്കും വര്‍ഗീയ കലാപം അരങ്ങേറിയത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ, സരസ്വതീ പൂജ, ഗണേശേത്സവം, ബക്രീദ് തുടങ്ങിയ മതചടങ്ങുമായി ബന്ധപ്പെട്ടായിരുന്നു സംസ്ഥാനത്ത് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്.
രാജ്യത്ത് 12 ആള്‍ക്കൂട്ട ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പത്ത് പേര്‍ക്ക് ജീവഹാനി സംഭവിച്ചു. എട്ട് മുസ്ലിം, ഒരു ക്രിസ്ത്യന്‍, ഒരു ഹിന്ദു എന്നിവര്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. ഗോവധം ആരോപിച്ചായിരുന്നു ഇതില്‍ ആറ് കൊലപാതകങ്ങള്‍. ഇതരമത വിവാഹം, മുസ്ലിം വ്യക്തികളെ തേജോവധം ചെയ്യല്‍ കേസുകളും ഉള്‍പ്പെടുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകം മൂന്നെണ്ണം മഹാരാഷ്ട്രയിലാണ്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ രണ്ടു കേസുകളും കര്‍ണാടകയില്‍ ഒരു ആള്‍ക്കൂട്ട കൊലപാതവും 2024ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ആള്‍ക്കൂട്ട കൊലപതാകം കുറയുന്ന വേളയിലും വര്‍ഗീയ കലാപത്തിന്റെ കാര്യത്തില്‍ 84 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത് ആശങ്കജനകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമുദായിക സംഘര്‍ഷം രാജ്യത്ത് വര്‍ധിക്കുന്നത് പ്രധാനമായും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും മതേതര ആശയം ദുര്‍ബലമാക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്വേഷ പ്രസംഗം യാതൊരു മറയുമില്ലാതെ വര്‍ധിച്ചതും ന്യൂനപക്ഷ ആശങ്ക ഇരട്ടിയാക്കി. ആള്‍ക്കൂട്ട ആക്രമണം, ന്യൂനപക്ഷങ്ങളുടെ വസതിയും സ്ഥാപനങ്ങളും ഇടിച്ചുനിരത്തുന്നത് തടയാന്‍ കോടതികളുടെ ഇടപെടല്‍ വേണ്ടിവന്നു. ക്ഷേത്ര‑മസ്ജിദ് തര്‍ക്കവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചു. സംഭാല്‍, അജ്മീര്‍ ദര്‍ഗ തുടങ്ങിയ പള്ളിത്തര്‍ക്കങ്ങള്‍ ന്യൂനപക്ഷ ഭീതി വീണ്ടും വര്‍ധിക്കുന്നതിന് വിത്തുപാകി. ഏകീകൃത സിവില്‍ കോഡ് അടക്കമുള്ള നിയമം നടപ്പിലാക്കുക വഴി രാജ്യത്തെ ന്യൂനപക്ഷത്തെ വീണ്ടും മോഡി സര്‍ക്കാര്‍ ആശങ്കയുടെ മുള്‍മുനയിലേക്ക് തള്ളിവിട്ടു. പൗരത്വ ഭേദഗതി നിയമവും ഇവര്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നതായി സിഎസ്എസ്എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.