Site iconSite icon Janayugom Online

ഹത്രാസ് ബലാത്സംഗ കൊലപാതകക്കേസ്: മൂന്ന് പേരെ കോടതി വെറുതെവിട്ടു, ഒരാൾ കുറ്റക്കാരൻ

രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റ് മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. 20കാരനായ സന്ദീപിനെയാണ് എസ്‌സി/ എസ്ടി കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികളായ ലവ് കുശ് (23), രവി (35), രാം കുമാര്‍ എന്നിവരെ വെറുതെ വിട്ടു. 2020 സെപ്റ്റംബറിലാണ് ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലെ ബൂല്‍ഗഢിയില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഡല്‍ഹിയിലെ ആശുപത്രിയില്‍ പതിനഞ്ച് ദിവസത്തോളം മരണത്തോട് പോരാടിയാണ് പെണ്‍കുട്ടി വിടവാങ്ങിയത്. 

വീട്ടുകാരുടെ അനുവാദമില്ലാതെ ആശുപത്രിയിൽ നിന്ന് യുവതിയുടെ മൃതദേഹം അധികൃതർ കൊണ്ടുപോയതും വിവാദത്തിന് വഴിവെച്ചിരുന്നു. പെൺകുട്ടിയുടെ അന്ത്യകർമങ്ങൾ നടത്താൻ കുടുംബത്തെ അനുവദിക്കാതെ അർദ്ധരാത്രിയിൽ തന്നെ പൊലീസ് മൃതദേഹം സംസ്‌കരിച്ചിരുന്നു. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ഉന്നത ജാതിക്കാരായ താക്കൂര്‍ വിഭാഗത്തിലെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മനപ്പൂര്‍വ്വമായ നരഹത്യ അടക്കമുളള വകുപ്പുകളിലാണ് പ്രധാന പ്രതിയായ സന്ദീപ് താക്കൂറിനെ കുറ്റക്കാരനായി കണ്ടെത്തിയിരിക്കുന്നത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതര വകുപ്പുകളില്‍ സന്ദീപിനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടില്ല. സന്ദീപിന്റെ അമ്മാവന്‍ രവി, സുഹൃത്തുക്കളായ ലവ് കുശ്, രാം കുമാര്‍ എന്നിവരെ ഒരു വകുപ്പിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടില്ല. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

Eng­lish Summary;Hathras rape-mur­der case: Court acquits three, one found guilty
You may also like this video

Exit mobile version