Site iconSite icon Janayugom Online

മുട്ട ഇങ്ങനെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ??

മുട്ടകൊണ്ട് പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മള്‍.പലപ്പോഴും ഓംലെറ്റ് മുതല്‍ എഗ്ഗ് ബുര്‍ജി വരെ മുട്ടയുടെ വ്യത്യസ്ത വിഭവങ്ങള്‍ മലയാളിയുടെ തീന്‍ മേശയില്‍ എത്താറുണ്ട്. എന്നാല്‍ മുട്ട കൊണ്ട് ഉണ്ടാക്കാന്‍ പറ്റിയ മറ്റൊരു വ്യത്യസ്ത വിഭവമാണ് മുട്ട വറവ്. ചോറിനും ചപ്പാത്തിക്കുമെല്ലാം ഇതൊരു അടിപൊളി കോമ്പിനേഷന്‍ തന്നെയാണ്. മുട്ടവറവ് എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

മുട്ട — 5എണ്ണം
സവാള — 1(വലുത്)
വെളുത്തുള്ളി- 10 അല്ലി
വറ്റല്‍ മുളക്- 5 എണ്ണം
കടുക് — അര ടീസ്പൂണ്‍
മുളക് പൊടി(കാശ്മീരി) — 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി — അര ടേബിള്‍ സ്പൂണ്‍
മഞ്ഞപ്പൊടി — കാല്‍ ടീസ്പൂണ്‍
ഗരം മസാല — കാല്‍ ടേബിള്‍ സ്പൂണ്‍
ഉപ്പ് — പാകത്തിന്

ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ നന്നായി ചൂടായ ശേഷം 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് കൊടുക്കുക. ചൂടായ എണ്ണയിലേക്ക് അര ടീസ്പൂണ്‍ കടുക് ഇട്ടുകൊടുക്കുക. കടുക് പൊട്ടിത്തുടങ്ങുമ്പോള്‍ അതിലേക്ക് വെളുത്തുള്ളി ഇട്ടുകൊടുക്കുക. വെളുത്തുള്ളി ബ്രൗണ്‍ നിറമാകുമ്പോഴേക്ക് ഇതിലേക്ക് വറ്റല്‍ മുളക് ഇട്ട് കൊടുക്കുക. ഇതിന്‍റെ പച്ച കുത്ത് മാറുമ്പോഴേക്കും ചെറുതായി അരിഞ്ഞെടുത്ത സവാള ഇട്ടുകൊടുക്കുക. സവാള നന്നായി വരട്ടുക.മീഡിയം തീയില്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ ഇളക്കിക്കൊടുക്കുക. ഇതിന്ശേഷം പൊടികള്‍ ഓരോന്നായി ചേര്‍ത്ത് കൊടുക്കാവുന്നതാണ്. പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇളക്കിക്കൊടുക്കുക. അതിന്ശേഷം സവാള രണ്ട് സൈഡിലേക്കായി മാറ്റി നടുക്കായി മുട്ട ഒഴിച്ചു കൊടുത്ത ശേഷം ഇതിന്‍റെ മഞ്ഞക്കരു പൊട്ടിച്ച് കൊടുക്കുക. പിന്നീട് ഇത് ഒരു 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക. അതിന്ശേഷം തുറന്ന് എല്ലാം കൂടി മിക്സ് ചെയ്യുക. മുകളിലായി കുറച്ച് കറിവേപ്പില വിതറിക്കൊടുക്കുക. രുചികരമായ മുട്ട വറവ് തയ്യാര്‍. ചപ്പാത്തിക്കും ചോറിനുമെല്ലാം ഇത് കോംമ്പിനേഷനായി ഉപയോഗിക്കാവുന്നതാണ്.

Exit mobile version