Site icon Janayugom Online

“ക്രിമിനലുകളെ കൂടെക്കൂട്ടുന്നത് ഭസ്മാസുരന് വരം നല്‍കുന്നതുപോലെ”; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

രാഷ്ട്രീയപാര്‍ട്ടികള്‍ ക്രിമിനലുകളുടെയും അധോലോകനായകരുടെയും കൂട്ടുചേരുന്നത് അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഒരുനാള്‍ ഇവര്‍ ഭസ്മാസുരനെപ്പോലെ രാജ്യത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കുപ്രസിദ്ധ അധോലോകനായകന്‍ വികാസ് ദുബൈയോടൊപ്പം ഗൂഢാലോചന നടത്തിയ കേസില്‍ രണ്ട് യുപി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചത്.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനയ് കുമാര്‍ തിവാരി, ബീറ്റ് ഓഫീസര്‍ കൃഷ്ണ കുമാര്‍ ശര്‍മ എന്നിവര്‍ക്കാണ് ജാമ്യം നിഷേധിച്ചത്.


ഇതും കൂടി വായിക്കൂ; സാമൂഹിക ഐക്യവും സമവായവും തകര്‍ക്കുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയം


വികാസ് ദുബൈ പിടികൂടുന്നതിനായി പൊലീസ് നടത്താനിരുന്ന പരിശോധനയുടെ വിവരം മുന്‍കൂട്ടി അവര്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നു ഈ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ചെയ്തത്. 2020 ജൂലൈ മൂന്നിനായിരുന്നു സംഭവം. തുടര്‍ന്ന് ആയുധങ്ങളുമായി പതിയിരുന്ന ഗുണ്ടാസംഘം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും എട്ട് പൊലീസുകാര്‍ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ദുബൈയെ പിന്നീട് പൊലീസ് പിടികൂടുകയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് സേനയിലുള്ള ഇത്തരം കരിങ്കാലികളും ക്രിമിനലുകളെ കൂടെക്കൂട്ടുന്ന പ്രവണതയുള്ള രാഷ്ട്രീയപാര്‍ട്ടികളും സംഘടിത കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കോടതി വിലയിരുത്തി.

കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടികളിലേക്ക് ചേര്‍ക്കുകയും അവരെ പിന്തുണക്കുകയും സംരക്ഷിക്കുകയും അവരുടെ പ്രവര്‍ത്തികളെ വെള്ളപൂശി ഹീറോ പരിവേഷം നല്‍കുകയും ചെയ്യുന്ന പ്രവണത ആശങ്കയുണര്‍ത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കുറ്റവാളികള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയും ചിലപ്പോള്‍ അവര്‍ വിജയിക്കുകയും ചെയ്യുന്നു. ഈ പ്രവണത എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഗുണ്ടാത്തലവന്‍മാരെയും അധോലോകനായകരെയും കൂടെക്കൂട്ടില്ലെന്നും അവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ ടിക്കറ്റ് നല്‍കില്ലെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവ നിര്‍ദ്ദേശിച്ചു.

Eng­lish sum­ma­ry; HC express­es con­cern over polit­i­cal par­ties wel­com­ing gangsters

you may also like this video;

Exit mobile version