Site iconSite icon Janayugom Online

ഹൈക്കോടതിയിലെ പെൻഷൻ പ്രായം ഉയർത്താന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാർശ

കേരള ഹൈക്കോടതിയിലെ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താൻ സർക്കാരിന് ചീഫ് ജസ്റ്റിസിന്റെ ശുപാർശ. വിരമിക്കൽ പ്രായം 56 വയസിൽ നിന്ന് 58 ആയി ഉയർത്തണമെന്ന ശുപാർശ ഹൈക്കോടതി രജിസ്ട്രാർ ജനറൽ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഒക്ടോബർ 25 നാണ് ശുപാർശ കൈമാറിയത്. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത സെപ്റ്റംബർ 26ന് ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ഉന്നതതല യോഗത്തിന് പിന്നാലെ ചീഫ് ജസ്റ്റിസിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജഡ്ജിമാർ അടങ്ങുന്ന കമ്മിറ്റി യോഗത്തിലെ നിർദേശങ്ങൾ പരിശോധിച്ചിരുന്നു. ഈ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ടാണ് ഹൈക്കോടതിയിലെ എല്ലാ ജീവനക്കാരുടെയും പെൻഷൻ പ്രായം അടിയന്തരമായി 58 വയസാക്കി ഉയർത്തണമെന്ന് നിർദ്ദേശിച്ചത്. ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നത് കോടതിയുടെ പ്രവർത്തനത്തെ കൂടുതൽ വേഗത്തിലാക്കുവാൻ സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഹൈക്കോടതിയിലെ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റൽ രീതിയിലേക്ക് മാറുന്ന ഘട്ടമായതിനാൽ ജോലി പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥർ അതാത് തസ്തികയിൽ തുടരുന്നതാണ് ഉത്തമം എന്ന് റിപ്പോർട്ട് പറയുന്നു. ശുപാർശയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.രജിസ്ട്രാർ ജനറൽ സർക്കാരിന് ശുപാർശ സമർപ്പിച്ചതിനു പിന്നാലെ സമാന ആവശ്യം ഉന്നയിച്ചു കൊണ്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരായ അജിത് കുമാർ, കെ യു കുഞ്ഞിക്കണ്ണൻ എന്നിവർ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഡിജിറ്റലൈസേഷൻ നടക്കുന്നതിനാൽ നിലവിലെ ഉദ്യോഗസ്ഥർ തുടരേണ്ടതുണ്ടെന്നും അതിനുള്ള നിർദേശം നൽകണമെന്നുമാണ് ഹർജിയിലെയും പ്രധാന അപേക്ഷ. ഈ കേസ് വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയ്ക്ക് എത്തും.

പെൻഷൻ പ്രായം ഉയർത്തിയാൽ ഗസറ്റഡ് റാങ്കിലുള്ള 40 ഉദ്യോഗസ്ഥർക്കും നോൺ ഗസറ്റഡ് തസ്തികയിലുള്ള നൂറോളം ഉദ്യോഗസ്ഥർക്കും രണ്ടു വർഷം സർവീസ് നീട്ടിക്കിട്ടും. മറ്റ് സർക്കാർ വകുപ്പുകളിലെന്ന പോലെ 2013 ഏപ്രിലിനു ശേഷം സർവീസിൽ ചേർന്ന ഹൈക്കോടതി ജീവനക്കാർക്ക് 60 വയസാണ് പെൻഷൻ പ്രായം. പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗമായതിനാലാണ് ഇവരുടെ പെൻഷൻ പ്രായം 60 ആയി നിശ്ചയിച്ചത്. നേരത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഉയർത്തൽ നടപടി പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.

Eng­lish Sum­ma­ry: hc rec­om­mends to raise the retire­ment age of staff
You may also like this video

Exit mobile version