Site iconSite icon Janayugom Online

എച്ച്ഡിഎഫ്‌സി ബാങ്ക്-എച്ച്ഡിഎ‌‌ഫ്‌സി ലയനം ജൂലൈ ഒന്നിന്

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് മാതൃ കമ്പനിയായ ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ ലയിക്കുന്നു. ജൂലൈ ഒന്നിനാണ് ലയനം യാഥാര്‍ത്ഥ്യമാകുക. ജൂണ്‍ 30നായിരിക്കും എച്ച്ഡിഎഫ്‌സിയുടെയും എച്ച്ഡിഎ‌ഫ‌്സി ബാങ്കിന്റെയും അവസാന ബോര്‍ഡ് മീറ്റിങ്.
ജൂലൈ 13 മുതല്‍ എച്ച്ഡിഎഫ്‌സി ഓഹരികള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളായി വ്യാപാരം ചെയ്യപ്പെടുമെന്ന് എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ് അറിയിച്ചു. 2022 ഏപ്രിലിലാണ് ലയനം പ്രഖ്യാപിച്ചത്. റിസര്‍വ് ബാങ്ക് കഴിഞ്ഞ ഏപ്രിലില്‍ ലയനത്തിന് അനുമതി ലഭ്യമാക്കിയിരുന്നു. എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിന് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) അംഗീകാരം കഴിഞ്ഞമാസത്തോടെ ലഭ്യമായിരുന്നു.
കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രാജ്യത്തെ വലിയ ഭവന വായ്പാ കമ്പനിയും ഏറ്റവും വലിയ സ്വകാര്യബാങ്കും ഒന്നാകും.
ലയനശേഷം ലോകത്തെ അഞ്ചാമത്തെ വലിയ ബാങ്കെന്ന പെരുമയാണ് എച്ച്ഡിഎ‌ഫ‌്സി ബാങ്കിന് സ്വന്തമാകുക. എച്ച്ഡിഎ‌ഫ‌്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍ എച്ച്ഡിഎഫ‌്സിക്ക് ലഭിക്കും.
എച്ച്ഡിഎ‌‌ഫ‌്സി ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും എച്ച്ഡിഎഫ‌്സി ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭ്യമാകും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ഇതോടെ രൂപമെടുക്കും. ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ‌്സി) മേലുള്ള കര്‍ശനമായ ആര്‍ബിഐ നിയന്ത്രണങ്ങളാണ് ലയനത്തിന് പ്രേരിപ്പിച്ചതെന്ന് ദീപക് പരേഖ് നേരത്തെ അറിയിച്ചിരുന്നു.

eng­lish sum­ma­ry; HDFC Bank-HDFC merg­er on July 1

you may also like this video;

Exit mobile version