Site iconSite icon Janayugom Online

പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി പുഴയിലൊഴുക്കി; യുവാവും സുഹൃത്തും അറസ്റ്റിൽ

യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പുഴയിൽ ഒഴുക്കിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ, ഉത്തർപ്രദേശ് മേഖലകളിൽ യമുനാ നദിയിൽ പൊലീസ് മൃതദേഹത്തിനായി തിരച്ചിൽ ആരംഭിച്ചു.20 വയസ്സുകാരിയായ ആകാംഷ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സൂരജ് കുമാർ ഉത്തമിനെയും ഇയാളുടെ സുഹൃത്ത് ആശിഷ് കുമാറിനെയും കാൺപൂർ പൊലീസ് ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

കറുത്ത സ്യൂട്ട്കേസിലാക്കിയ മൃതദേഹം 100 കിലോമീറ്ററോളം ദൂരം മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചാണ് പ്രതികൾ യമുനാ നദിയിൽ തള്ളിയത്. നദീതീരത്ത് വെച്ച് പ്രതിയായ സൂരജ് കുമാർ, സ്യൂട്ട്കേസിനൊപ്പമുള്ള സെൽഫി എടുക്കുകയും പിന്നീട് ഇത് വാട്‌സാപ്പിൽ സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നു. സൂരജ് കുമാറിനൊപ്പം പിടിയിലായ സുഹൃത്ത് ആശിഷ് കുമാറാണ് മോട്ടോർ സൈക്കിൾ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇലക്ട്രീഷ്യനായ സൂരജ്, ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയും കുറച്ചുകാലമായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജൂലൈ 22 മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. പ്രതിയുടെ ഫോൺ രേഖകളും ലൊക്കേഷനുകളും പരിശോധിച്ചതിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്ന് എസ് എച്ച് ഒ രാജീവ് സിംഗ് പറഞ്ഞു. 

“പ്രതിയെ പിടികൂടിയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പെൺകുട്ടിയെ കാണാതായത് മുതലുള്ള പ്രതിയുടെ ഫോൺ രേഖകളും ലൊക്കേഷനുകളും ശേഖരിച്ചതിൽ നിന്നും കാര്യങ്ങൾ വ്യക്തമാണ്. അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. കൂടാതെ സ്യൂട്ട്കേസിനൊപ്പം നിൽക്കുന്ന ഫോട്ടോയും ഞങ്ങൾക്ക് ലഭിച്ചു,” എസ് എച്ച് ഒ വ്യക്തമാക്കി. കൊലപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് പ്രതി മെസേജ് അയച്ചിരുന്നു. ലഖ്‌നൗവിൽ ജോലി ലഭിച്ചുവെന്നും അവിടേക്ക് പോവുകയാണെന്നുമായിരുന്നു സന്ദേശം. പിന്നീട് ഫോൺ ട്രെയിനിൽ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്.

Exit mobile version