ആറ് മാസം മാത്രം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി നടക്കാന്‍ പോയ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. ഫ്ലോറിഡയിലെ മിറാമർ ബീച്ചിലാണ് സംഭവം. ഒരു മണിക്കൂറിലധികം ദമ്പതികള്‍ കുഞ്ഞിനെ തനിച്ചാക്കിയെന്നാണ് കേസ്. അമേരിക്കന്‍ ദമ്പതികളായ ഹെൽത്ത് കെയർ മേധാവിയായ 37 വയസ്സുള്ള സാറ സമ്മേഴ്‌സ് വിൽക്ക്‌സ്, ഭർത്താവ് ബ്രയാൻ വിൽക്ക്‌സ് (40) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മറ്റ് മൂന്ന് മക്കളോടൊപ്പം അവധി ആഘോഷിക്കാനാണ് ദമ്പതികൾ ഫ്ലോറിഡയിലെ ബീച്ചിലെത്തിയത്. ദമ്പതികൾ തങ്ങളുടെ മൂത്ത കുട്ടികളുമായി ബീച്ചിൽ നടക്കാന്‍ പോയപ്പോള്‍ കുഞ്ഞ് തനിച്ച് കിടക്കുന്നത് കണ്ടയാളാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് വരുന്നത് വരെ കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ദമ്പതികൾ തങ്ങളുടെ ഫോണുകൾ ടെന്റിൽ വെച്ച് പോയതിനാൽ പൊലീസിന് അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. സമയം പോയത് അറിഞ്ഞില്ല എന്നായിരുന്നു ദമ്പതികളുടെ പ്രതികരണം. ഫ്ലോറിഡ നിയമപ്രകാരം മൂന്നാം ഡിഗ്രി കുറ്റകൃത്യമാണ്. തൊട്ടടുത്ത ദിവസം തന്നെ 1,000 ഡോളർ ബോണ്ട് കെട്ടിവെച്ച് ഇരുവരെയും വിട്ടയച്ചു.

