പണം കെട്ടിവയ്ക്കാതെ പ്രസവം എടുക്കില്ലെന്ന് ഡോക്ടറുടെ നിലപാടിൽ പൂർണഗർഭിണിക്ക് ദാരുണാന്ത്യം. ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരുന്ന യുവതിയാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രക്തസ്രാവത്തേ തുടർന്ന് മരിച്ചത്. സംഭവത്തിൽ മഹാരാഷ്ട്രയിലെ പൂനെയിലെ ദീനാനാഥ് മംഗേഷ്കർ ആശുപത്രിയിലെ പുരുഷ ഗൈനക്കോളജിസ്റ്റിനെതിരെ കേസ് എടുത്തിട്ടുണ്ട്.
യുവതിയെ അഡ്മിറ്റ് ചെയ്യണമെങ്കിൽ പത്ത് ലക്ഷം രൂപ മുൻകൂറായി കെട്ടിവയ്ക്കണമെന്നായിരുന്നു ഡോ. സുഷ്റുത്ത് ഖൈസാസ് ആവശ്യപ്പെട്ടത്. കൃത്യസമയത്ത് ചികിത്സ ലഭിക്കുന്നതിലുണ്ടായ പിഴവ് മൂലം യുവതി ഗുരുതരാവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു. അഞ്ച് മണിക്കൂറിലേറെ വൈകിയാണ് യുവതിക്ക് വൈദ്യ സഹായം നൽകിയത്. ഇത് യുവതിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിച്ച ശേഷമായിരുന്നു. ഇരട്ട പെൺകുട്ടികൾക്കാണ് യുവതി ജന്മം നൽകിയതെങ്കിലും രക്തസ്രാവം നിലയ്ക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

