മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിയെ പ്രശംസിച്ചതിൽ ഉറച്ചു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശിതരൂർ എം പി. ”അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അഡ്വാനിജിയോടും അതേ നീതി കാണിക്കണം.’ തരൂർ എക്‌സിൽ എഴുതി.
അഡ്വാനിയെ ‘ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്നാണ് തരൂർ വിശേഷിപ്പിച്ചത്. അഡ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അഡ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു. ശശി തരൂർ എംപി നടത്തിയ പരാമർശം കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് വഴിവച്ചു. തരൂരിന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരേയും അസ്വസ്ഥരാക്കി. ബിജെപി ഗാന്ധി കുടുംബത്തെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ ഇത്തരം പരാമർശങ്ങൾ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.

