Site iconSite icon Janayugom Online

സ്നേഹത്തിന്റെ തലയെടുപ്പ്; കെ വി സുരേന്ദ്രനാഥിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

കെ വി സുരേന്ദ്രനാഥ് ആശാന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. കെ വി സുരേന്ദ്രനാഥ് എന്ന ആശാൻ പുതിയ ചിന്തകളിലേക്കും ബോധ്യങ്ങളിലേക്കും പാർട്ടിയെയും പ്രസ്ഥാനത്തെയും നയിച്ച വഴികാട്ടിയാണ്. അദ്ദേഹം മാർക്സിസത്തെ കണ്ടത് ചലനമറ്റ ഒരു ആശയസമുച്ചയമായിട്ടല്ല. ചലിക്കുന്ന സമൂഹത്തിന്റെ സദാ വികാസം പ്രാപിക്കുന്ന, എണ്ണമറ്റ ആശയ സാമൂഹിക സമസ്യകളെ മനസിലാക്കാനും വ്യാഖ്യാനിക്കാനുമുള്ള ഉപാധിയായിരുന്നു അദ്ദേഹത്തിന് മാർക്സിസം. ആ ശാസ്ത്രത്തെ ഒരിക്കലും വരട്ടുതത്വവാദമാകാൻ അനുവദിച്ചുകൂടെന്ന് നിർബന്ധം പുലർത്തിയ മാർക്സിസ്റ്റായിരുന്നു കെ വി സുരേന്ദ്രനാഥ്. മാർക്സിസത്തിന്റെ സർഗാത്മക വളർച്ചയെപ്പറ്റി ഇന്ന് പലരും സംസാരിക്കുന്നത് നാം കേൾക്കാറുണ്ട്. അതിനുമെത്രയോ മുമ്പ് ആ വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും തന്റെ മനീഷയെ പ്രാപ്തമാക്കിയ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. കാലാവസ്ഥാമാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും പ്രശ്നങ്ങളെ കാണാതെ രാഷ്ട്രീയ പാർട്ടികൾക്കും സാമൂഹിക പ്രസ്ഥാനങ്ങൾക്കും മുന്നോട്ടുപോകാനാകാത്ത കാലത്താണ് നാം ജീവിക്കുന്നത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പരിസ്ഥിതിയുടെ രാഷ്ട്രീയം ലോകത്തെവിടെയും മനുഷ്യന്റെ ചിന്തകളെ ഇന്നു സ്വാധീനിക്കുന്നുണ്ട്. ആഗോള താപനം എന്ന വാക്ക് മിക്കവാറും അജ്ഞാതമായിരുന്ന ആ കാലത്ത് കെ വി സുരേന്ദ്രനാഥ് എന്ന കമ്മ്യൂണിസ്റ്റ് അതേപ്പറ്റി പഠിക്കുവാനും പഠിപ്പിക്കുവാനുമുള്ള ആർജവം കാണിച്ചു. താൻ പഠിച്ച മാർക്സിസത്തിന്റെ ശാസ്ത്രീയമായ പ്രയോക്താവായി അദ്ദേഹം സ്വയം മാറുകയായിരുന്നു. കൊച്ചു കൊച്ചു കൂട്ടായ്മകളിൽ കൂടെയിരിക്കുന്നവരുടെ മുന്നിലേക്ക് അദ്ദേഹം വിതറിയിട്ട ചിന്തകളും ചോദ്യങ്ങളും ശരാശരി രാഷ്ട്രീയപ്രവർത്തകർക്ക് ചിന്തിക്കാൻ പോലും കഴിയാത്തവയായിരുന്നു. എടുത്താൽ പൊങ്ങാത്ത ഏതെങ്കിലും പാണ്ഡിത്യത്തിന്റെ ഉടമയാണ് താനെന്ന നേരിയ തോന്നൽപോലും ആശാനുണ്ടായിരുന്നില്ല. ചോദ്യങ്ങൾ ചോദിക്കാൻ കൂടെയുള്ളവരെയെല്ലാം അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ആ ചോദ്യങ്ങളൊന്നും പതിവു രാഷ്ട്രീയത്തിന്റെ ഏതെങ്കിലും നിസാരമായ കള്ളികളിൽ ഒതുങ്ങുന്നവയായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിൽ ഗഹനമായ ചിന്തയും ഗൗരവതരമായ അന്വേഷണവും കൂടിയേ തീരൂവെന്നും ആശാൻ കൂടെയുള്ളവരെ പഠിപ്പിച്ചു. 

ആശാൻ തലമുറകളെ മാർക്സിസം പഠിപ്പിച്ച അധ്യാപകനായിരുന്നു. പക്ഷെ അദ്ദേഹമൊരിക്കലും യാന്ത്രികമായി പഠിക്കാനോ പഠിപ്പിക്കാനോ തയ്യാറായിട്ടില്ല. സമൂഹം വളരുമ്പോൾ, ജീവിതം മാറുമ്പോൾ പഴയ ചോദ്യങ്ങളുടെ സ്ഥാനത്ത് പുതിയ ചോദ്യങ്ങൾ താനേ പൊന്തിവരും. ആ പുതിയ ചോദ്യങ്ങൾക്ക് പഴയ ഉത്തരങ്ങൾ മതിയാകാതെയും വരും. അവയ്ക്കുവേണ്ടത് പുതിയ ഉത്തരങ്ങളാണ്. ആ ഉത്തരം തേടലാണ് മാർക്സിസ്റ്റ് രാഷ്ട്രീയപ്രവർത്തനമെന്ന് ആശാൻ വിശ്വസിച്ചു. ആ വിശ്വാസത്തിന്റെ വിളികേട്ടുകൊണ്ടാണ് ആശാൻ പ്രവർത്തിച്ചത്. അതിന്റെ ഭാഗമായാണ് പരിമിതികൾക്കിടയിലും ആശാൻ ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസ്റ്റ് സ്റ്റഡീസ്’ ആരംഭിച്ചത്. ആളും അർത്ഥവും കുറവായിരുന്നെങ്കിലും അതിനുചുറ്റും ഒരുപറ്റം സർഗാന്വേഷകരെ ചേർത്തുനിര്‍ത്താൻ ആശാന്റെ സംഘാടകശേഷിക്ക് കഴിഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി ആശാൻ പുറത്തിറക്കിയ പ്രസിദ്ധീകരണമായിരുന്നു മാർക്സിസ്റ്റ് വീക്ഷണം. വിദ്യാർത്ഥിയായിരുന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളിലൊന്ന് അതിന്റെയെല്ലാം ഓരത്തുകൂടി നടക്കാൻ കഴിഞ്ഞുവെന്നതാണ്. പഴയ തിരുവിതാംകൂറിൽ ഇടത്തരം ജീവിതസാഹചര്യങ്ങളിൽ നിന്നുവന്ന ഒരു യുവാവ്. പഠനത്തിൽ അയാൾ മിടുമിടുക്കനായിരുന്നു. തത്വശാസ്ത്രത്തിൽ ഒന്നാം ക്ലാസോടെ ഒന്നാം റാങ്കു നേടി, ഗോൾഡ് മെഡൽ വാങ്ങി പഠനം പൂർത്തിയാക്കിയ അയാളെ കാത്ത് അന്നത്തെ തിരുവിതാംകൂറിലെ സൗഭാഗ്യങ്ങളെല്ലാം നിരന്നുനിന്നു. ശ്രീപത്മനാഭന്റെ പത്തുചക്രം കൈപ്പറ്റുന്ന വെറുമൊരു സർക്കാരുദ്യോഗസ്ഥനായി ചുരുങ്ങാതെ ഏറ്റവുമുയർന്ന ഏതു ലാവണത്തിലും അയാൾക്ക് വേണമെങ്കിലെത്താമായിരുന്നു. പക്ഷെ കെ വി സുരേന്ദ്രനാഥ് എന്ന ആ ചെറുപ്പക്കാരൻ തെരഞ്ഞെടുത്തത് പൂക്കൾ വിരിച്ച ആ പാതയായിരുന്നില്ല. അപ്പുറത്ത് കല്ലും മുള്ളും നിറഞ്ഞ ഒരു കഠിനപഥമുണ്ടായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹ്യമാറ്റവും ആ പാതയിലെ ഓജസുറ്റ കിനാവുകളായിരുന്നു. അതാണ് തന്റെ വഴിയെന്ന് അയാൾ തീരുമാനിച്ചു. 

ഒട്ടും വൈകാതെ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറി കെ സി ജോർജിന്റെ കണ്ണ് ആ ചെറുപ്പക്കാരനിൽ പതിഞ്ഞു. യൂണിവേഴ്സിറ്റി കോളജിൽ സർ സിപിയുടെ കുതിരപ്പട്ടാളത്തിന്റെ മർദനങ്ങൾക്കുമുന്നിൽ കൂസാതെ നിന്ന ആ യുവാവിന് വിപ്ലവപ്രസ്ഥാനത്തിലേക്കുള്ള കെസിയുടെ ക്ഷണം ആവേശകരമായി തോന്നി. ആശാൻ കമ്മ്യൂണിസ്റ്റായി മാറിയ കഥ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ പറയാൻ കഴിയും.ഏറ്റെടുക്കുന്ന ഏതു പ്രവർത്തിയിലും മൂക്കറ്റം മുങ്ങിനിൽക്കുന്നതാണ് സുരേന്ദ്രനാഥിന്റെ പ്രകൃതം. വളരെവേഗം അദ്ദേഹം കെസിയുടെ ശിക്ഷണത്തിൽ മികച്ച പാർട്ടി സംഘാടകനും നേതാവുമായി മാറി. പാർട്ടിയുടെ നിർദേശപ്രകാരം പാർട്ടി അധ്യാപകനായും തൊഴിലാളി സംഘാടകനായും ആശാൻ പ്രവർത്തിച്ചു. ട്രാൻസ്പോർട്ട് തൊഴിലാളികളുടെയും തോട്ടിത്തൊഴിലാളികളുടെയും ബാങ്ക് ജീവനക്കാരുടെയുമൊക്കെ യൂണിയനുകൾ കെട്ടിപ്പടുക്കാൻ മുന്നില്‍ നിന്നവരിൽ അദ്ദേഹവുമുണ്ടായിരുന്നു. അവിടെയെല്ലാം പ്രകടിപ്പിച്ച ആത്മാർപ്പണം മൂലം സുരേന്ദ്രനാഥ് താനിടപഴകിയ എല്ലാവരുടെയും സ്നേഹവിശ്വാസങ്ങൾ പിടിച്ചുപറ്റി. തിരുവനന്തപുരം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘാടകനും നേതാവുമായി അദ്ദേഹം വളർന്നുവന്നത് സ്വാഭാവികം. കേരളത്തിലെ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ പോരാട്ടചരിത്രത്തിലെ ഏറ്റവും ജ്വലിക്കുന്ന ഏടാണ് 1954 ലെ ഐതിഹാസിക സമരം. അന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ (എഐടിയുസി) പ്രസിഡന്റ് ടി വി തോമസും ജനറൽ സെക്രട്ടറി കെ വി സുരേന്ദ്രനാഥും ആയിരുന്നു. ആശയലോകത്ത് ദാർശനികനെപ്പോലെ സഞ്ചരിക്കുന്ന ഒരാൾക്ക് തൊഴിലാളി സമരങ്ങളുടെ സംഘാടകനും നേതാവുമായി പ്രവർത്തിക്കുമ്പോൾ അതേ മികവ് തെളിയിക്കാൻ കഴിയുമെന്ന് ആശാൻ അന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. തൊഴിലാളികളോട് കാണിക്കുന്ന വർഗക്കൂറാണ് ആശാന്റെ കമ്മ്യൂണിസ്റ്റ് വ്യക്തിത്വത്തിന്റെ കാതലെന്ന് നിസംശയം പറയാം.

പാർലമെന്റേറിയൻ എന്ന നിലയിലും ആശാൻ കൂട്ടത്തിലോടിയ ഒരാൾ മാത്രമല്ലായിരുന്നു. വ്യത്യസ്തമായിരുന്നു ആശാന്റെ സമീപനവും ശൈലിയും. 1980 മുതൽ തുടർച്ചയായി മൂന്നുതവണ ആശാൻ നിയമസഭാംഗമായപ്പോൾ രാഷ്ട്രീയ വിദ്യാർത്ഥികൾ വ്യത്യസ്തനായ ഒരു എംഎൽഎയെയാണ് കണ്ടത്. നിയമസഭാവലോകനങ്ങളിലെ തലക്കെട്ടിന് വേണ്ടിയല്ല ആശാൻ ചർച്ചകളിൽ പങ്കെടുത്തത്. നിയമ നിർമ്മാണ സഭ പരിഗണിക്കുന്ന വിഷയങ്ങളുടെ ആഴത്തിലേക്കായിരുന്നു ആ സാമാജികന്റെ കണ്ണുപോയത്. വിജ്ഞാനത്തികവുള്ള അത്തരം ഇടപെടലുകളുടെ മാറ്റുരയ്ക്കാൻ നമ്മുടെ സഭാവലോകനങ്ങൾക്ക് അന്നും ഇന്നും എത്രമാത്രം കഴിയുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയപ്പോഴും ആശാന്റെ ആ ശൈലി ദേശീയതലത്തിൽ പലരും ശ്രദ്ധിച്ചു. ശങ്കർ ദയാൽ ശർമ്മയെപ്പോലുള്ള പണ്ഡിതരായ ദേശീയ നേതാക്കൾ പാണ്ഡിത്യത്തിൽ ആരുടെയും പിന്നിലല്ലാത്ത ഈ കമ്മ്യൂണിസ്റ്റ് നേതാവിനെ പ്രശംസിക്കാൻ മടിച്ചില്ല.

ആശാനെപ്പറ്റി എഴുതാനിരിക്കുമ്പോൾ എന്റെ മനസിലേക്ക് സുഗതകുമാരി ടീച്ചറുടെ ഓർമ്മയും കടന്നുവരുന്നു. കലഹിച്ചുകൊണ്ട് സ്നേഹിച്ച ഒരു പ്രത്യേകതരം ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഗാന്ധിയൻ പാത പിൻപറ്റിയ ബോധേശ്വരന്റെ മകളായ ടീച്ചറുടെ സംഭാഷണത്തിൽ പലപ്പോഴും കടന്നുവന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരായിരുന്നു. എം എൻ, അച്യുതമേനോൻ, കെ വി സുരേന്ദ്രനാഥ്, ശർമ്മാജി തുടങ്ങിയ ‘വലിയ കമ്മ്യൂണിസ്റ്റ് പേരുകൾ’. സൈലന്റ് വാലി പ്രക്ഷോഭത്തിന്റെയും അഭയ രൂപീകരണത്തിന്റെയും ദിനങ്ങളിൽ എതിർപ്പുകൾക്കുമുന്നിലും വീണുപോകാതെ തന്നെ താങ്ങിനിര്‍ത്തിയ ധാർമ്മിക ശക്തി എന്നാണ് ആശാനെപ്പറ്റി ടീച്ചർ എന്നോടു പറഞ്ഞിട്ടുള്ളത്. ധാർമ്മിക ശക്തി എന്ന ആ വാക്ക് എത്രയോ അർത്ഥവത്താണ്! സത്യത്തിൽ അതായിരുന്നു ആശാന്റെ മുഖമുദ്ര. എല്ലാവരും നടന്ന വഴിയല്ലായിരുന്നു ആശാന്റേത്. അവിടെ സർഗചിന്തയുടെ അന്വേഷണത്വര പൂത്തുലഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. 12 കൊല്ലങ്ങളിൽ ഒരിക്കൽ മാത്രം പൂക്കുന്ന പൂക്കളെ കാണാൻ കുറിഞ്ഞി മലയിലേക്ക് പോകുമ്പോൾ ആശാൻ പ്രായംകൊണ്ട് ചെറുപ്പക്കാരനായിരുന്നില്ല. പക്ഷെ ഏത് ചെറുപ്പക്കാരനെയും വിസ്മയിപ്പിക്കുന്ന എന്തോ ഒരു സിദ്ധിവിശേഷം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെയും പ്രായം കൂടിയപ്പോൾ അതേ സിദ്ധിവിശേഷം തന്നെയാണ് അദ്ദേഹത്തെ ഹിമാലയത്തിന്റെ മുകൾത്തട്ടിലേക്ക് നയിച്ചത്. തിരിച്ചുവന്നപ്പോൾ ഒട്ടും വൈകാതെ അദ്ദേഹമെഴുതിയ യാത്രാനുഭവങ്ങൾ മലയാള സഞ്ചാര സാഹിത്യത്തിലെ വേറിട്ട മുദ്ര പേറുന്നതായി. ആശാനെഴുതിയ ലോകത്തിന്റെ മുകൾത്തട്ടിലൂടെ എന്ന പുസ്തകത്തിനും ലേഖനങ്ങൾക്കും ഈ പ്രത്യേകത ഉണ്ടായിരുന്നു.
മുമ്പേ നടന്ന വലിയ മനുഷ്യരോട് പലപ്പോഴും വേണ്ടത്ര നീതി കാണിക്കാൻ പറ്റിയിട്ടില്ലെന്ന് എന്നെപ്പറ്റി എനിക്കു തോന്നിയിട്ടുണ്ട്. രാജ്യമാകെ (ഇടയ്ക്ക് ലോകമാകെയും) ഓടിനടക്കുന്ന പ്രവർത്തന രീതിയാണ് ഞാൻ സ്വായത്തമാക്കിയത്. അതിനിടയിൽ എന്തെങ്കിലുമൊക്കെ വായിച്ചിട്ടും എഴുതിയിട്ടും ഉണ്ടെന്നല്ലാതെ ഗൗരവതരമായി അവയെക്കാണാൻ എനിക്കു പറ്റിയിട്ടില്ല. ആശാനും അദ്ദേഹത്തിന്റെ സമശീർഷരായ മറ്റുചില നേതാക്കളും അതേപ്പറ്റി ഉപദേശിച്ചപ്പോഴും ചിലപ്പോൾ ശാസിച്ചപ്പോഴും അതിന്റെ ഗൗരവം ഉൾക്കൊള്ളാൻ കഴിയാതെ പോയി. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ പിന്നാലെ വരുന്നവരെ ആശയസമരങ്ങൾക്ക് സജ്ജരാക്കാനുള്ള ദൂരക്കാഴ്ചയായിരുന്നു ആ വലിയ മനുഷ്യരുടെ ശകാരങ്ങളായി മാറിയത് എന്നു മനസിലാക്കുന്നു. ഞങ്ങളുടെ തലമുറയ്ക്ക് ശേഷം പാർട്ടിയിലേക്കു വരുന്ന തലമുറയോട് വായിക്കാനും എഴുതാനും പറയുമ്പോൾ എന്റെ മനസിൽ ചില മുഖങ്ങൾ തെളിഞ്ഞുവരും. അതിലൊന്ന് നഗരവീഥിയിലൂടെ തല തെല്ലു ചെരിച്ചു പിടിച്ച് കൈകൾ വീശി ചിന്താമഗ്നനായി നടന്നുപോകുന്ന ആശാന്റെ മുഖമാണ്. സ്നേഹം അങ്ങനെ പുറത്തുകാണിച്ചിട്ടില്ലെങ്കിലും ആശാന് ഞങ്ങളോടെല്ലാം നിറഞ്ഞ സ്നേഹമായിരുന്നുവെന്ന് ഇന്ന് എനിക്ക് ഉറപ്പായും പറയാനാകും. 

Exit mobile version