Site icon Janayugom Online

ഹെല്‍ത്ത് കാര്‍ഡ് കൃത്രിമം: മൂന്ന് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍

പരിശോധനകള്‍ നടത്താതെ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒക്കും രണ്ട് ഡോക്ടര്‍മാര്‍ക്കും സസ്പെന്‍ഷന്‍. ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ. വി അമിത്കുമാര്‍, കാഷ്വാലിറ്റിയിലെ രണ്ട് മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഇടനിലക്കാരനായ പാർക്കിങ് ഫീ പിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരനെയും പിരിച്ചുവിട്ടു. സമൂഹത്തോടുള്ള ഈ ക്രൂരതയോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മെഡിക്കൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിശോധിക്കാൻ വിഷയം മെഡിക്കൽ കൗൺസിലിന് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡോക്ടർ അമിതിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യാജഹെൽത്ത് കാർഡ് നൽകുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് കാർഡ് ഏർപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. അതിന് കാലതാമസമുണ്ടാകും. പ്രത്യേക സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ പരിശോധനാ വിവരങ്ങൾ ഉൾപ്പെടുത്തിയാകും കാർഡ് ലഭ്യമാക്കുക. 

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ജൂനിയർ കൺസൾട്ടന്റുമാർക്ക് 100 രൂപയും കൺസൾട്ടന്റുമാർക്ക് 150 രൂപയും ഫീസ് വാങ്ങാമെന്ന് 2011ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാപകമായി പണപ്പിരിവ് നടക്കുന്ന സാഹചര്യത്തിൽ ഉത്തരവ് പിൻവലിക്കുന്നതിനുള്ള നടപടിയും ആരോഗ്യവകുപ്പ് ആരംഭിച്ചു. 

Eng­lish Summary:Health card forgery: Three doc­tors suspended

You may also like this video

Exit mobile version