Site icon Janayugom Online

ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഭക്ഷ്യസ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ത്ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സാവകാശം നല്‍കിയിരുന്നു. ഇന്ന് മുതല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന പരിശോധന തുടരും. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്ന് മന്ത്രി വീണാജോര്‍ജ് അഭ്യര്‍ത്ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും. ഈ പോര്‍ട്ടല്‍ വഴി ഇതുവരെ 108 പരാതികളാണ് ലഭ്യമായത്. 

ഇതില്‍ 30 പരാതികളില്‍ നടപടിയെടുത്തിട്ടുണ്ട്. അടുത്തിടെ കിട്ടിയ ബാക്കി പരാതികളില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. വ്യാഴാഴ്ച മാത്രം 205 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയത്. 21 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Health card manda­to­ry from today; Food Safe­ty Depart­ment with inspections

You may also like this video

Exit mobile version