Site icon Janayugom Online

ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം കിട്ടാക്കനിയാകുന്നു

insuarnce

രാജ്യത്ത് ഭിന്നശേഷിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് സേവനം കിട്ടാക്കനിയാകുന്നു. നീണ്ട വര്‍ഷം പോരാട്ടം നടത്തിയിട്ടും പലര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെ പോകുന്നതായും നാഷണല്‍ സെന്റര്‍ ഫോര്‍ പ്രമോഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍സ് (എന്‍സിപിഇഡിപി) റിപ്പോര്‍ട്ടില്‍ പറയുന്നു.

2.7 കോടി ഭിന്നശേഷി പൗരന്‍മാര്‍ അധിവസിക്കുന്ന ഇന്ത്യയില്‍ ഭൂരിപക്ഷം പേര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യം ലഭിക്കുന്നില്ലെന്ന് എന്‍സിപിഇഡിപി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍മന്‍ അലി പറഞ്ഞു. ഏഴു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷവും തനിക്ക് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായി ചേരാന്‍ സാധിച്ചിട്ടില്ല. ഓരോതവണയും കമ്പനികള്‍ ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടും നിരസിക്കുന്ന പതിവാണ് കാണുന്നതെന്ന് അദ്ദേഹം പറയുന്നു.

ഭിന്നശേഷി കണക്കാക്കുന്നതില്‍ വരുത്തുന്ന പരിഷ്കാരത്തിന്റെ ഭാഗമാണ് പലര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാന്‍ സാധിക്കാതെ പോകുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ പൂര്‍ത്തിയാക്കിയാലും പലപ്പോഴും പദ്ധതിയില്‍ നിന്ന് പുറത്താക്കുന്ന സാഹചര്യമുണ്ട്. പലതവണ സമര്‍പ്പിച്ച സര്‍ട്ടിഫിറ്റുകള്‍ നിഷേധിക്കുന്ന കമ്പനികള്‍ കാരണം വെളിപ്പെടുത്തുന്നില്ല.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 250 കോടി ജനങ്ങളാണ് ലോകമാകെ ഭിന്നശേഷിക്കാരായുള്ളത്. ഇവര്‍ക്ക് ആരോഗ്യ‑അനുബന്ധ സേവനങ്ങള്‍ക്ക് പ്രതിവര്‍ഷം വന്‍തുകയാണ് ചെലവാകുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പക്ഷം ആരോഗ്യ ചെലവില്‍ വന്‍തോതില്‍ കുറവ് വരുത്താന്‍ സാധിക്കും. പൊതു-സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഭിന്നശേഷി പൗരന്‍മാരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതിയോട് അനുകൂല സമീപനമല്ല സ്വീകരിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് വിവേചനം നേരിടേണ്ടി വരുന്നുണ്ട്. വീല്‍ചെയര്‍ അടക്കം ഉപയോഗിക്കുന്ന ഭിന്നശേഷിക്കാര്‍ കടുത്ത അവഗണന നേരിടേണ്ടി വരുന്നു.

ഭിന്നശേഷി പൗരന്മാര്‍ക്ക് മറ്റുള്ളവരുടെ അതേ ആനുകൂല്യവും ആരോഗ്യ ഇന്‍ഷുറന്‍സ് സൗകര്യവും ലഭ്യമാക്കണമെന്ന ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരോ, മറ്റ് ഏജന്‍സികളോ അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

Eng­lish Sum­ma­ry: Health insur­ance ser­vices for the dif­fer­ent­ly abled are not available

You may also like this video

Exit mobile version