Site icon Janayugom Online

അടുത്ത മാസത്തോടെ ആദ്യഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി

അടുത്ത മാസത്തോടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോവിഡ് അവലോകന യോഗം ഇന്ന് വൈകിട്ട് ചേരും. കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കോവിഡിനിടയിലാണ് സംസ്ഥാനത്ത് ഓണമെത്തിയത്. 

പലയിടങ്ങളിലും ആള്‍ക്കൂട്ടം പ്രകടമായിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് ഇപ്പോഴും കേരളം. മാത്രമല്ല മൂന്നാം തരംഗം ഏതു സമയത്തും എത്തുമെന്ന് കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. ടി പി ആര്‍ ഇടക്ക് ഉയര്‍ന്ന് 17 വരെ എത്തിയതാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മാറ്റമില്ല. അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് കടക്കില്ലെങ്കിലും നിലവിലെ ഇളവുകള്‍ കുറയ്ക്കാനിടയുണ്ട്. 

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐ സി യുവും സജ്ജമാക്കുകയാണ്. വാക്സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
eng­lish sum­ma­ry; health min­is­ter said that, first dose of vac­ci­na­tion should be com­plet­ed by next month,
you may also like this video;

Exit mobile version