Site iconSite icon Janayugom Online

ഒമിക്രോൺ വ്യാപനം; പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം: ആരോഗ്യമന്ത്രി

ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കർശന ജാഗ്രത വേണം. കൂടുതൽ നിയന്ത്രണങ്ങൾ വേണോയെന്നതിൽ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാക്സിനേഷൻ സ്‌പെഷ്യൽ ഡ്രൈവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാളെ അഞ്ച് ലക്ഷം ഡോസ് കൊവാക്സിൻ എത്തുമെന്ന് മന്ത്രി അറിയിച്ചു. 15 നും 18 നും ഇടയിലുള്ള കുട്ടികളുടെ വാക്സിനേഷൻ രജിസ്‌ട്രേഷൻ നാളെ മുതൽ ആരംഭിക്കും. കുട്ടിളുടെ രജിസ്ട്രേഷന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ തേടിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്‌കൂളുകളുടെ സഹായം കൂടി തേടും. കുട്ടികൾക്കായി പ്രത്യേക വാകിസ്‌നേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം,സംസ്ഥാനത്ത്   ഇന്ന്  44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ഏഴ് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.


ഇതുംകൂടി വായിക്കാം; സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്ജ്


എറണാകുളത്ത് നാല് പേര്‍ യുഎഇയില്‍ നിന്നും, മൂന്ന് പേര്‍ യുകെയില്‍ നിന്നും, രണ്ട് പേര്‍ ഖത്തറില്‍ നിന്നും, ഒരാള്‍ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലത്ത് അഞ്ച് പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. തൃശൂരില്‍ മൂന്ന് പേര്‍ യുഎഇയില്‍ നിന്നും ഒരാള്‍ യുകെയില്‍ നിന്നും വന്നു. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍ നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍ നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
eng­lish summary;Health Min­is­ter says,Caution should be exer­cised as part of New Year celebrations
you may also like this video;

Exit mobile version