Site iconSite icon Janayugom Online

ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; കാലപഴക്കം ചെന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി കെട്ടിടത്തിന്റെ ദുർബലാവസ്ഥയുള്ള ഭാഗം ആരോഗ്യമന്ത്രി പരിശോധിച്ചു

ജനറൽ ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മന്ത്രിയെത്തിയത്. 19 വർഷം പഴക്കമുള്ള കെട്ടിടത്തിന്റെ ദുർബലാവസ്ഥയുള്ള ഭാഗം മന്ത്രി പരിശോധിച്ചു. ബി ആൻഡി സി ബ്ലോക്കിന്റെ അറ്റകുറ്റപ്പണി നടത്തുന്ന വിഷയത്തിൽ യുഡിഎഫ്‌ സ്വീകരിക്കുന്നത്‌ വികസന വിരോധ നിലപാടാണെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. കെട്ടിടത്തിന്റെ ദുർബലാവസ്ഥയുള്ള ഭാഗം പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. രോഗികളുടെയും കൂട്ടിരുപ്പുകാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കാക്കി ചെയ്യുന്ന പ്രവൃത്തിയിൽ രാഷ്ട്രീയംകലര്‍ത്തരുതെന്ന് മന്ത്രി പറഞ്ഞു.
19 വർഷം പഴക്കമുള്ള കെട്ടിടമാണ്‌ ബി ആൻഡ്‌ സി ബ്ലോക്ക്‌. കെട്ടിടത്തിന്റെ തൂണുകളിൽ പലഭാഗവും ദ്രവിച്ച്‌ കമ്പികൾ തെളിഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ കോൺക്രീറ്റ്‌ അടർന്ന്‌ മാറി. ഇത്‌ കെട്ടിടത്തിന്റെ ബലക്ഷയത്തിന്‌ കാരണമാകും. വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. കെട്ടിട ഭാഗങ്ങളുടെ സാമ്പിളും ശേഖരിച്ച്‌ പരിശോധിച്ച ശേഷമാണ്‌ അടിയന്തരമായി കെട്ടിടത്തിന്‌ അറ്റകുറ്റപ്പണി നടത്തണമെന്ന്‌ നിർദേശിച്ചത്‌.

ബി ആൻഡ്‌ സി ബ്ലോക്കിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള ഓപ്പറേഷൻ തീയേറ്ററാണ്‌. തീയേറ്ററിനുള്ളിൽ ചോർന്നൊലിക്കുന്നു. അപടകരമായ നിലയിലാണ്‌ കെട്ടിടഭാഗങ്ങളുള്ളത്‌. ഇത്‌ പലഘട്ടങ്ങളിലായി അറ്റകുറ്റപ്പണി നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഓപ്പറേഷൻ തീയേറ്റർ ഉൾപ്പെടുന്ന ഏറ്റവും മുകളിലത്തെ നിലയും തൊട്ടുതാഴത്തെ നിലയിലെ വാർഡുമാണ്‌ ആദ്യം മെയിന്റനൻസ്‌ നടത്തുക. ഈ രണ്ട്‌ നിലകളിലെ പ്രവർത്തനമാണ്‌ താൽക്കാലികമായി കോന്നി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റുന്നത്‌. മൂന്ന്‌ മാസത്തിനകം പണി പൂർത്തിയാക്കി ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററും വാർഡും പുനരാരംഭിക്കും. തുടർന്ന്‌ താഴത്തെ രണ്ട്‌ നിലകൾ അറ്റകുറ്റപ്പണി നടത്തും. ജനറൽ ആശുപത്രിയിൽനിന്ന്‌ കോന്നിയിലേക്ക്‌ രോഗികളെ കോന്നി മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്‌. ആശുപത്രി വികസന സമിതിയുടെ അന്തിമ തീരുമാനം കൈക്കൊണ്ട ശേഷം മത്രമേ നടപടികൾ ആരംഭിക്കുകയുള്ളു മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ്‌ ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, ആശുപത്രി സൂപ്രണ്ട്‌ ജോ. എം ഷാനി, ആർഎംഒ ഡോ. ദിവ്യ ആർ രാജ്‌, സിപിഐ എം പത്തനംതിട്ട ഏരിയ സെക്രട്ടറി എം വി സഞ്‌ജു, ആരോഗ്യ പ്രവർത്തകർ എന്നിവർ ഒപ്പമുണ്ടായി.

Exit mobile version