ആനക്കരക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി പന്നിയൂർ പൊറ്റമ്മലിൽ ഹെൽത്ത് പാർക്ക് ഒരുക്കുന്നു. വിശാലമായ പാടശേഖരത്തിലൂടെ കടന്നുപോകുന്ന പൊറ്റമ്മൽ-നയ്യൂർ പാതയിലാണ് പദ്ധതിയൊരുക്കുന്നത്. ദിവസവും രാവിലെയും വൈകീട്ടും നൂറോളംപേർ വ്യായാമത്തിനും വിശ്രമത്തിനും ഇവിടേക്ക് എത്താറുണ്ട്.
ഇവർക്ക് കൂടുതൽ സൗകര്യമൊരുക്കുകയാണ് പദ്ധതിലക്ഷ്യം. ഓരത്ത് വീടുകളോ, മറ്റ് കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ സൂര്യാസ്തമയം അടക്കമുള്ള മനോഹര കാഴ്ച ഇവിടെയുണ്ട്. കൃഷിയുള്ളപ്പോഴുള്ള കാഴ്ചയും വേറിട്ടതാണ്. ആനക്കര പഞ്ചായത്തിന്റെ സിഎഫ്സി, മെയിന്റനൻസ് ഫണ്ടുകൾ ഉപയോഗിച്ച് 12 ലക്ഷംരൂപ ചെലവിലാണ് നിർമാണം. ഹെൽത്ത് പാർക്കിന്റെ ഭാഗമായി പാതയോരത്തിന് ഇരുവശവും നടപാത, ഇരിക്കാനായി ചാരുബെഞ്ചുകൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, ജിംനേഷ്യം, തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടം, വെളിച്ച സംവിധാനം എന്നിവ ഒരുക്കും.