Site iconSite icon Janayugom Online

ആരോഗ്യമേഖല: കേരളത്തിന് ലോകബാങ്കിന്റെ അഭിനന്ദനം

veenaveena

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ലോക ബാങ്ക്. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന ബാങ്കിന്റെ വാര്‍ഷിക യോഗത്തിലാണ് കേരളത്തിന് അഭിനന്ദനം. കുട്ടികളിലെ പോഷകാഹാരവും വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചാ വേദിയിലാണ്, മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദനം അറിയിച്ചത്. രാജ്യാന്തര പ്രശസ്തയും ആഗോള പുരസ്കാര ജേതാവും മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ റെഡി തല്‍ഹാബിയ കേരളത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ മന്ത്രി വീണാ ജോര്‍ജില്‍ നിന്നും ചോദിച്ചറിഞ്ഞു. 

മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും കേരളത്തിന്റേത് സമഗ്രമായ സമീപനമാണ്. കുട്ടികളിലെ വളര്‍ച്ചക്കുറവിന്റെ തോത് ഗണ്യമായി കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് രൂപപ്പെടുന്ന കാലഘട്ടം മുതല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യ വകുപ്പും വനിതാ ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി പറഞ്ഞു. 

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനായുള്ള പ്രത്യേക പരിപാടികള്‍, കുഞ്ഞിന് മൂന്ന് വയസാകുന്നത് വരെയുള്ള ന്യൂട്രീഷന്‍ സപ്ലിമെന്റ്, മൂന്ന് മുതല്‍ ആറു വയസ് വരെ അങ്കണവാടികളില്‍ നല്‍കുന്ന മുട്ടയും പാലും ഉള്‍പ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോണ്‍ സ്ക്രീനിങ്, ആശമാരും ആര്‍ബിഎസ്‌കെ നഴ്സുമാരും ഉള്‍പ്പെടെ കൃത്യമായ ഇടവേളകളില്‍ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകള്‍, ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ ഇവയെല്ലാം മന്ത്രി വിശദീകരിച്ചു.
കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലിന് ലോക രാജ്യങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുള്ള ചര്‍ച്ചയില്‍ പാകിസ്ഥാന്‍ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ്, യൂറോപ്യന്‍ കമ്മിഷണര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് ജുട്ടാ ഉര്‍പ്പിലേനിയന്‍, ഇക്വഡോര്‍ ഡെപ്യൂട്ടി മിനിസ്റ്റര്‍ ജുവാന്‍ കാര്‍ലോസ് പാലസിയോസ്, യൂനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസല്‍, വേള്‍ഡ് ബാങ്ക് സൗത്ത് റീജിയണല്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍, ഈസ്റ്റ് ഏഷ്യ ആന്റ് പസഫിക് റീജിയണല്‍ വൈസ് പ്രസിഡന്റ് മാഹുവേല ഫെറോ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version