കഴിഞ്ഞ 20 വർഷംകൊണ്ട് ഇന്ത്യയിൽ ഹൃദയാഘാത നിരക്ക് ഇരട്ടിയായെന്ന് പഠനം. അനാരോഗ്യകരമായ ജീവിതശൈലി, വർധിച്ച സമ്മർദ്ദം, ഉറക്കക്കുറവ്, കൊഴുപ്പ് കൂടിയ ഭക്ഷണം, അമിത വ്യായാമം എന്നിവ താരതമ്യേന പ്രായം കുറഞ്ഞവരിൽപോലും ഹൃദയാഘാതം വർധിക്കുന്നതിനുള്ള പ്രാഥമിക കാരണങ്ങളായി വിദഗ്ധർ പറയുന്നു.
40 വയസിന് താഴെയുള്ളവരിലാണ് 25 ശതമാനം ഹൃദയാഘാത കേസുകളും കാണപ്പെടുന്നതെന്ന് നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലെ ഹൃദ്‌രോഗ വിദഗ്ധന്‍ ഡോ. നിഖിൽ പർച്ചൂർ പറഞ്ഞു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ അപകടസാധ്യത ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പുകവലിയാണ്. കൂടാതെ, ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാത കേസുകളുടെ വർധനവിന് അടുത്തിടെ കോവിഡ് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ശരാശരി യൂറോപ്യന്റെ കൊഴുപ്പിന്റെ അളവ് ഏഴ് മുതൽ എട്ട് ശതമാനം വരെയാണ്, അതേസമയം ഇന്ത്യക്കാരുടേത് 12 മുതൽ 23 ശതമാനം വരെയാണെന്ന് മുംബൈയിലെ ഹൃദ്‌രോഗ വിദഗ്ധനായ ഡോ, അജിത് മേനോന്‍ പറഞ്ഞു. കുടുംബ പാരമ്പര്യവും ഒരു ഘടകമായി പരിഗണിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മമാരില്‍ ചെറുപ്പത്തില്‍ ഹൃദയാഘാതം വന്നിട്ടുണ്ടെങ്കില്‍ മക്കളിലും ഇതേ പ്രവണത കണ്ടെത്താനായിട്ടുണ്ടെന്ന് ഡോ. അജിത് മേനോന്‍ പറഞ്ഞു.
അടുത്തിടെ ഹാസ്യനടന്‍ രാജു ശ്രീവാസ്തവയ്ക്ക് വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം നടന്മാരായ സിദ്ധാർത്ഥ് ശുക്ല (40), പുനീത് രാജ്കുമാർ (46), അമിത് മിസ്ത്രി (47) എന്നിവര്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
യുവാക്കളുടെ ശരീരത്തിന് ഹൃദയാഘാതത്തെ ചെറുത്തുനില്‍ക്കാനുള്ള ശക്തിയുണ്ടാകില്ലെന്നും എന്നാല്‍ പ്രായമായവരില്‍ ഈ സാഹചര്യത്തെ ഒരുപരിധിവരെ നേരിടാനുള്ള പ്രാപ്തി ശരീരം കണ്ടെത്തിയിട്ടുണ്ടാകുമെന്നും മറ്റൊരു ആരോഗ്യവിദഗ്ധനായ ഡോ. രാമകൃഷ്ണ പാണ്ഡെ പറഞ്ഞു.
English Summary: Heart attack rates have doubled in 20 years
You may like this video also