കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായിട്ടും 48 യാത്രക്കാരുടെ ജീവനുകൾ രക്ഷിച്ച താമരശ്ശേരി ചുണ്ടംക്കുന്നുമ്മൽ സിജീഷ് കുമാർ (48) മരണത്തിന് കീഴടങ്ങി. യാത്രക്കാരുമായി പോവുകയായിരുന്ന സിജീഷിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മനോധൈര്യം കൈവിടാതെ ബസ് റോഡരികിലേക്ക് സുരക്ഷിതമായി നിർത്തിയതിന് പിന്നാലെ സിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. വീണതിനുശേഷമാണ് കണ്ടക്ടറും യാത്രക്കാരും സംഭവം അറിയുന്നത്.
കുന്ദംകുളത്ത് വെച്ചായിരുന്നു സംഭവം. ബസിൽ കുഴഞ്ഞു വീണ സജീഷിനെ ഉടൻ തന്നെ കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അണുബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയിലിരിക്കെയാണ് മരണം.
ഇക്കഴിഞ്ഞ നവംബർ 20 ന് പുലർച്ചെ നാലു മണിയോടെ താമരശ്ശേരിയിൽ നിന്നും സിജീഷ് ഓടിച്ച ബസ് കുന്ദംകുളത്ത് എത്തിയപ്പോഴാണ് സംഭവം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മലക്കപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് യാത്ര പോയതായിരുന്നു ബസ്. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: മാളു. ഭാര്യ: സ്മിത. മകൾ: സാനിയ സിജീഷ്. സഹോദരി: പ്രിജി. മൃതദേഹം പുതുപ്പാടി പൊതു ശ്മാശനത്തിൽ സംസ്കരിച്ചു.
English Summary:Heart attack while driving a bus; KSRTC driver who saved 48 lives succumbed to death
You may also like this video