Site iconSite icon Janayugom Online

ജില്ലാ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ: ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി എറണാകുളം

veenaveena

ഇന്ത്യയില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ ആരംഭിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറാണ് ആദ്യത്തെ ബൈപാസ് സര്‍ജറിക്ക് നേതൃത്വം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ മാത്രമാണ് നിലവില്‍ ഹൃദയ ശസ്ത്രക്രിയാ സൗകര്യമുള്ളത്. ഇതാദ്യമായാണ് ജില്ലാതല ആശുപത്രിയിലും ശസ്ത്രക്രിയ നടക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമെ സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളും ഒരുക്കി വരികയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്കും അത്യാധുനിക ചികിത്സ തൊട്ടടുത്ത് ലഭ്യമാകും. ഇതിന്റെ തുടര്‍ച്ചയായാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയാക് വിഭാഗം ശക്തിപ്പെടുത്തിയത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയായ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കിലാണ് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ സര്‍ജറി നടക്കുന്ന ഓപ്പറേഷന്‍ തീയറ്ററും ആവശ്യമായ ഉപകരണങ്ങളും ഉള്‍പ്പെടയുള്ളവ സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞു. ഇതിനായി കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍മാരെ ആശുപത്രിയില്‍ പ്രത്യേകമായി നിയമിച്ചു. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പുറമേയാണ് ബൈപ്പാസ് ശസ്ത്രക്രിയയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചത്. ഹൃദ്രോഗ ശസ്ത്രക്രിയ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ബൈപാസ് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവെക്കല്‍, ജന്മനാലുള്ള ഹൃദയ തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍ മുതലായവ പരിഹരിക്കുന്നതിന് ജനറല്‍ ആശുപത്രി സജ്ജമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

Eng­lish Sum­ma­ry: Heart surgery at the dis­trict hos­pi­tal: Ernaku­lam is proud of its health sector

You may like this video also

Exit mobile version