Site iconSite icon Janayugom Online

ഉഷ്ണ തരംഗം; പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം, കെജിഎംഒഎ

ജില്ലയിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോ. ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ഗുരുതര രോഗാവസ്ഥയിലുള്ളവർ, വൃദ്ധർ, കുട്ടികൾ ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഇതിന്റെ ആഘാതം വലുതാകുമെന്ന് അസോസിയേഷൻ മുന്നറീപ്പ് നൽകി. വെയിലേൽക്കുന്ന ശരീര ഭാഗങ്ങളിൽ പൊള്ളിയതുപോലുള്ള പാടുകൾ, കുമിളകൾ എന്നിവ കാണപ്പെടുന്നത് സൂര്യാഘാതത്തിന്റെ സൂചനയായി കണക്കാക്കണം. അതി കഠിനമായ ചൂടിൽ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനം അവതാളത്തിലാകുന്ന അവസ്ഥയിലാണ് ഗുരുതരമായ ഹീറ്റ് സ്ട്രോക് മനുഷ്യരിൽ സംഭവിക്കുന്നത്. 

ഉയർന്ന ശരീര താപനില, ചൂടുള്ള ചുവന്ന ചർമ്മം, വിയർപ്പ് ഇല്ലായ്മ, ഛർദി, ബോധക്ഷയം എന്നിങ്ങനെ മരണം വരെ ഇതിന്റെ ഫലമായി സംഭവിച്ചേക്കാമെന്നും ചൂട് കാരണം ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ആളിനെ എത്രയും പെട്ടന്ന് തണലും തണുപ്പുമുള്ള ഒരിടത്തേക്ക് മാറ്റുകയും ഇറുകിയ വസ്ത്രങ്ങൾ അയച്ചു കൊടുക്കുകയും തണുത്ത വെള്ളം ശരീരത്തിൽ ഒഴിക്കുകയും ചെയ്യേണ്ടതാണ്. ഹീറ്റ് സ്ട്രോക് ഒഴികെയുള്ള അവസരങ്ങളിൽ തണുത്ത വെള്ളം അല്പാല്പമായി കുടിപ്പിക്കേണ്ടതാണ്. ഗുരുതരമായ അവസ്ഥ പ്രകടമാകുന്നു എങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുകയും വേണം. അനിവാര്യമായ പരിപാടികളും തൊഴിലും രാവിലെ 11ന് മുമ്പും ഉച്ചയ്ക്ക് മൂന്നിന് ശേഷവുമായി ക്രമീകരിക്കണമെന്നും ഭാരവാഹികളായ ഡോ. പി എം ജലാൽ, ഡോ. കെ എം ജാനിഫ് എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. 

Exit mobile version