Site iconSite icon Janayugom Online

ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം: ഇന്ത്യക്കാര്‍ കൊണ്ടത് 122 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനില

രാജ്യത്തെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം കടുത്തു. വടക്കു-പടിഞ്ഞാറന്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ താപനില സാധാരണയിലും നാല് മുതല്‍ ആറു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 47.3 ഡിഗ്രി രേഖപ്പെടുത്തി. 47 ഡിഗ്രിയായിരുന്നു പ്രയാഗ്‌രാജിലെ താപനില.
122 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ് വടക്കു-പടിഞ്ഞാറന്‍, മധ്യ ഇന്ത്യയില്‍ നിലവില്‍ രേഖപ്പെടുത്തുന്നത്. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് ആദ്യവാരം വരെ താപനില ഉയര്‍ന്നു തന്നെ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ 45.6 ഡിഗ്രി സെല്‍ഷ്യസ് താപനില ആണ് രേഖപ്പെടുത്തിയത്. ഏപ്രില്‍ മാസങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. 46 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്നലെ ഡല്‍ഹിയിലെ താപനില. 72 വര്‍ഷങ്ങള്‍ക്കിടയില്‍ ചൂടുകൂടിയ രണ്ടാമത്തെ ഏപ്രില്‍ മാസത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. 15 സംസ്ഥാനങ്ങളെയാണ് ഈ വര്‍ഷം ഉഷ്ണതരംഗം അതിരൂക്ഷമായി ബാധിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രി വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും അത്യുഷ്ണം തുടരുകയാണ്. 2010 മുതല്‍ രാജ്യത്ത് 6,000 പേരാണ് ഉഷ്ണതരംഗത്തെ തുടര്‍ന്ന് മരിച്ചത്. യുപിയിലെ അലഹബാദ് (45.9 ഡിഗ്രി സെല്‍ഷ്യസ്), ഖജുരാഹോ (45.6), മധ്യപ്രദേശിലെ ഖാര്‍ഗാവ് (45.2), മഹാരാഷ്ട്രയിലെ അകോല (45.4), നൗഗോങ് (45.6), ബ്രഹ്മപുരി (45.2), ജല്‍ഗാവ് (45.6), ഝാര്‍ഖണ്ഡിലെ ടാല്‍ട്ടന്‍ഗഞ്ച് (45.8) എന്നിങ്ങനെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മറ്റ് സ്ഥലങ്ങള്‍.
മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെ 26 ഉഷ്ണതരംഗ ദിനങ്ങളാണ് രാജ്യത്തുണ്ടായത്. താപനില സമതല മേഖലകളില്‍ 40 ഡിഗ്രി, തീര മേഖലകളില്‍ 37 ഡിഗ്രി, ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുമ്പോഴാണ് അതിനെ ഉഷ്ണതരംഗമായി കണക്കാക്കുന്നത്.

Eng­lish Sum­ma­ry: heat wave: The high­est tem­per­a­ture ever record­ed by Indi­ans in 122 years

You may like this video also

Exit mobile version