Site iconSite icon Janayugom Online

ഉഷ്ണതരംഗം ഗർഭിണികളെയും നവജാതശിശുക്കളെയും ബാധിക്കും

ഏപ്രിലിൽ ദക്ഷിണേഷ്യയിലുടനീളം വീശിയടിച്ച ഉഷ്ണതരംഗം ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെ ബാധിച്ചതായി റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം മൂലം ‘ഒലിഗോ ഹൈഡ്രാംനിയോസ് കേസുകൾ കൂടുതലാകുമെന്നും കുഞ്ഞിന് ചുറ്റുമുള്ള (അമ്നിയോട്ടിക്) ദ്രാവകം കുറയുന്നതിനാൽ മാസം തികയാതെയുള്ള പ്രസവം വർധിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ താപ തരംഗങ്ങൾ ഈ വർഷം അമ്പരപ്പിക്കുന്ന നിലയിലായിരുന്നു. ഇത് ഡൽഹിയിലെ ഭൂരിഭാഗം ഗർഭിണികളിലും നിർജലീകരണം, അമിതവിയർപ്പ്, ഉയർന്ന ഹൃദയസ്പന്ദന നിരക്ക് എന്നിവയുണ്ടാക്കിയെന്ന് സഫ്ദർജംഗ് ആശുപത്രിയിലെ പ്രസവചികിത്സക ഡോ. അന പറഞ്ഞു.

ഗർഭിണികളിൽ താപ തരംഗങ്ങളുടെ ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത്, ഓരോ ഡിഗ്രി സെൽഷ്യസ് താപനില ഉയരുമ്പോഴും, മാസം തികയാത്ത പ്രസവത്തിനും ചാപിള്ള ജനനത്തിനുമുള്ള സാധ്യത അഞ്ച് ശതമാനം വർധിക്കുമെന്നാണ്- സ്ത്രീ ചികിത്സാ വിദഗ്ധയായ ഡോ. കരിഷ്മ തരാനി പറഞ്ഞു.

ആഗോള താപനം ഉയരുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ദക്ഷിണാഫ്രിക്കയിലെ വിറ്റ്സ് റിപ്രൊഡക്റ്റീവ് ഹെൽത്ത് ആന്റ് എച്ച്ഐവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവലോകനത്തിൽ പറയുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ദരിദ്രരായ സ്ത്രീകൾക്ക് ഉയർന്ന താപനിലയിൽ നിന്ന് സംരക്ഷണം നേടാനുള്ള സംവിധാനം കുറവായതിനാൽ അപകടം കൂടാൻ സാധ്യതയുണ്ട്.

ഗർഭസ്ഥ ശിശുക്കൾക്ക് ഉഷ്ണതരംഗങ്ങൾ വലിയ അപകടമുണ്ടാക്കില്ലെങ്കിലും നവജാതശിശുക്കളെ ബാധിക്കും. 2010‑ൽ അഹമ്മദാബാദിലെ ഉഷ്ണതരംഗ സമയത്ത് എയർ കണ്ടീഷനിങ് ഇല്ലാത്ത ഒരു ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ നടത്തിയ പഠനത്തിൽ താപനില 42 ഡിഗ്രിക്ക് മുകളിലാകുന്നത് കുട്ടികളുടെ ആശുപത്രി പ്രവേശനത്തിൽ 43 ശതമാനം വർധനയുണ്ടാക്കിയെന്ന് കണ്ടെത്തി. ചൂട് കാരണം പല സ്ത്രീകൾക്കും മുലയൂട്ടാൻ കഴിഞ്ഞില്ല.

ഇന്ത്യയിൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിലെ മരണങ്ങളിൽ മൂന്നിൽ രണ്ടിനും കാരണം പോഷകാഹാരക്കുറവായിരിക്കേ മുലയൂട്ടാൻ കഴിയാത്തത് മരണനിരക്ക് കൂട്ടും.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം വർധിക്കുമെന്നും പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തിൽ ഉഷ്ണതരംഗത്തിന്റെ നേരിട്ടുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഡോ. ലഖു ചൂണ്ടിക്കാട്ടുന്നു.

Eng­lish summary;Heat waves can affect preg­nant women and newborns

You may also like this video;

Exit mobile version