Site iconSite icon Janayugom Online

സംസ്ഥാനത്ത് ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ അറയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സാധാരണയിലും കൂടുതല്‍ ചൂടാണ് ജനുവരിയില്‍ അനുഭവപ്പെടുന്നത്. ഇക്കൊല്ലം മുന്‍വര്‍ഷത്തേക്കാള്‍ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, 2024 ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 36.5 ഡിഗ്രി സെല്‍ഷ്യസ് ആണ് കഴിഞ്ഞദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്.

കേരളത്തില്‍ അടുത്തത്തടുത്ത വര്‍ഷങ്ങളായി താപനില ക്രമേണ ഉയരുന്ന പ്രവണതയാണുള്ളത്. മുമ്പ് മാര്‍ച്ച് മാസം മുതലാണ് ചൂട് വര്‍ധിച്ചിരുന്നതെങ്കില്‍ 2023, 2024 വര്‍ഷങ്ങളില്‍ ജനുവരി മുതലേ ചൂട് കൂടിയിരുന്നു. 2025ലും ഈ സ്ഥിതി തുടരുകയാണ്. ചൂടിന് ആശ്വാസമായി ഈ മാസം 31 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Exit mobile version