Site iconSite icon Janayugom Online

ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ വാഗ്വാദം

ഗുജറാത്ത് ഹൈക്കോടതിയില്‍ ഇരു ജഡ്ജിമാര്‍ തമ്മിലുണ്ടായ വാഗ്വാദം രൂക്ഷമായതിനെതുടര്‍ന്ന് ഹിയറിങ് നിര്‍ത്തിവച്ചു. ജസ്റ്റിസുമാരായ ബീരെൻ വൈഷ്ണവ്, മൗന ഭട്ട് എന്നിവര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വാഗ്വാദമാകുകയും മുതിര്‍ന്ന ജഡ്ജി ഇറങ്ങിപ്പോകുകയായിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഹിയറിങ്ങുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നതിനാല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. യുവ ജഡ്ജിയായ ജസ്റ്റിസ് ഭട്ട് തന്റെ അഭിപ്രായ വ്യത്യാസം മുതിര്‍ന്ന ജസ്റ്റിസ് വൈഷ്ണവിനോട് പതുക്കെ പറയുന്നതായും ജസ്റ്റിസ് വൈഷ്ണവ് ക്ഷുഭിതനാകുന്നതും വീഡിയോയില്‍ കാണാം.

‘മറ്റൊരു വിധിയിലും അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്നല്ലോ എന്നും ഇതിലും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്താനും വ്യത്യസ്ത ഉത്തരവ് പുറപ്പെടുവിക്കാനും വൈഷ്ണവ് പറയുന്നതും’ വീഡിയോയില്‍ കാണാം. അഭിപ്രായ വ്യത്യാസം മാത്രമാണ് അറിയിച്ചതെന്നുള്ള ഭട്ടിന്റെ പ്രതികരണത്തിന് എങ്കില്‍ പിറുപിറുക്കാതെ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കൂ എന്ന് ജസ്റ്റിസ് വൈഷ്ണവ് പറയുന്നു. പുതിയ ഹിയറിങ്ങുകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ജസ്റ്റിസ് വൈഷ്ണവ് കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതായും ദൃശ്യങ്ങളില്‍ കാണാം.

ജഡ്ജി പുറത്തേക്ക് പോയതോടെ യൂട്യൂബില്‍ നിന്ന് വീഡിയോ എടുത്തുമാറ്റി. തുടര്‍ന്നുള്ള വാദങ്ങള്‍ക്ക് ജസ്റ്റിസ് ഭട്ടിനു പകരം ജസ്റ്റിസ് ഭാര്‍ഗവ് കാരിയയാകും വൈഷ്ണവിനൊപ്പമുണ്ടാകുക എന്ന് യൂട്യൂബ് ലിങ്കുകളില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഹൈക്കോടതിയുടെ വെബ്സൈറ്റ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2016ല്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ എം വൈ ഇക്ബാല്‍, അരുണ്‍ മിശ്ര എന്നിവര്‍ തമ്മിലും സമാന രീതിയില്‍ വാഗ്വാദങ്ങള്‍ ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: Heat­ed exchange between Gujarat High Court judges in open court
You may also like this video

Exit mobile version