കടുത്ത ഉഷ്ണതരംഗത്തില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 54 മരണം. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാൻ, ബിഹാര്‍ എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ ഭാഗങ്ങളില്‍ താപനില ഇന്നലെ 47 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ രേഖപ്പെടുത്തി. ശാരീരിക അസ്വസ്ഥതകളോടെ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
ബിഹാറിൽ 10 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 32 പേർ ഉഷ്ണതരംഗത്തിൽ മരിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഡിഷയിൽ 12 പേർ മരിച്ചുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഝാര്‍ഖണ്ഡിൽ നാലും രാജസ്ഥാനില്‍ അഞ്ചും പേർക്ക് ജീവൻ നഷ്ടമായി. ഉത്തർ പ്രദേശിൽ ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ, ഝാര്‍ഖണ്ഡ്, ഒഡിഷ സംസ്ഥാനങ്ങളിൽ ശേഷം ഇന്നുമുതല്‍ ചൂട് കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തർപ്രദേശ്, ചണ്ഡീഗഢ്, ഡൽഹി എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം നിലവിലെ പ്രതിസന്ധിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത ചൂടിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ഉഷ്ണതരംഗം മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary:Heatwave: Death toll crosses 50
You may also like this video