Site iconSite icon Janayugom Online

മേയ് മാസത്തില്‍ 124 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ

കടന്നുപോയത് 1901ന് ശേഷം ഏറ്റവും മഴ ലഭിച്ച മേയ് മാസമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). കഴിഞ്ഞ മാസം രാജ്യത്ത് ശരാശരി 126.7 മില്ലിമീറ്റർ മഴ ലഭിച്ചു. തെക്കുപടിഞ്ഞാറൻ മൺസൂൺ നേരത്തെ ആരംഭിച്ചതോടെ തെക്കൻ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും തുടർച്ചയായ മഴയാണ് ലഭിച്ചത്. തെക്കൻ ഉപദ്വീപിലെ ഇന്ത്യയിൽ പ്രതിമാസ മഴ 199.7 മില്ലിമീറ്ററിലെത്തിയപ്പോൾ 1901 ന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന മഴയാണിതെന്നു കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. അതുപോലെ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ പ്രതിമാസ ശരാശരി മഴ 48.1 മില്ലിമീറ്റർ ലഭിച്ചപ്പോള്‍ 1901 ന് ശേഷമുള്ള 13-ാമത്തെ ഉയർന്നതും 2001 ന് ശേഷമുള്ള നാലാമത്തെ ഉയർന്നതുമാണിതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ 242.8 മില്ലിമീറ്റർ പ്രതിമാസ മഴ ലഭിച്ചു. ഇത് 1901 ന് ശേഷമുള്ള 29-ാമത്തെ ഉയർന്നതും 2001 ന് ശേഷമുള്ള നാലാമത്തെ ഉയർന്നതുമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

2025 മേയ് മാസത്തിൽ പശ്ചിമതീരം, അസം, മേഘാലയ, ഉപ ഹിമാലയൻ പശ്ചിമ ബംഗാൾ, സിക്കിം, മിസോറം, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, മധ്യ മഹാരാഷ്ട്ര, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിലും അതിശക്തമായ മഴ (204.4 മില്ലിമീറ്റർ) രേഖപ്പെടുത്തി. കൂടാതെ അരുണാചൽ പ്രദേശ്, ബിഹാർ, തീരദേശ ആന്ധ്രാപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, മറാത്ത്‌വാഡ, വടക്കൻ ഉൾനാടൻ കർണാടക, റായലസീമ, സൗരാഷ്ട്ര, കച്ച്, തെലങ്കാന, വിദർഭ, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ വളരെ ശക്തമായ മഴ (115.6–204.4 മില്ലിമീറ്റർ) ലഭിച്ചു.
ഈ വർഷം കേരളത്തില്‍ തെക്കുപടിഞ്ഞാറൻ മൺസൂണും മേയ് മാസമെത്തി. മേയ് 24 നാണ് കേരളത്തിൽ മണ്‍സൂണ്‍ എത്തിയത്. സാധാരണ ജൂൺ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുക. 

Exit mobile version