ഡൽഹിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വ്യോമ‑റെയിൽ ഗതാഗത സംവിധാനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടു. കനത്ത മഞ്ഞും മോശം കാഴ്ചപരിധിയും കാരണം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും എത്തേണ്ടതുമായ 148 വിമാനങ്ങൾ ഇതുവരെ റദ്ദാക്കി. 227 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനക്കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രെയിൻ ഗതാഗതത്തെയും മഞ്ഞ് സാരമായി ബാധിച്ചിട്ടുണ്ട്. 18 പാസഞ്ചർ ട്രെയിനുകൾ ഇതിനകം റദ്ദാക്കി. മേഖലയിൽ താപനില എട്ട് ഡിഗ്രി സെൽഷ്യസില്‍ താഴെയെത്തിയതോടെ കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി ചുരുങ്ങി. വരും ദിവസങ്ങളിൽ കനത്ത ശീതക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിക്ക് പുറമെ ലക്നൗ, അമൃത്സർ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും ജനജീവിതം ദുസ്സഹമാക്കി കനത്ത മൂടൽമഞ്ഞ് തുടരുകയാണ്.

