Site icon Janayugom Online

ഹിമാചല്‍പ്രദേശിൽ കനത്ത മണ്ണിടിച്ചിൽ

Shimla: Damaged National Highway 205 after a landslide following heavy rainfall, at Ghannati, in Shimla, Tuesday, Sep 14, 2021. (PTI Photo) (PTI09_14_2021_000057B)

തുടര്‍ച്ചയായുണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയില്‍ മൂന്ന് ദേശീയ പാതകള്‍ അടച്ചു.22 ലിങ്ക് റോഡുകളും അടച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചോയെന്ന് വ്യക്തമല്ല. 

ഷിംലയിലെ മെഹ്ലിശോഗി ബൈപാസ് റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഹനഗതാഗതം നിരോധിച്ചു. കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും ശേഷം ഷിംല ജില്ലയിലെ നന്‍ഖാരി മേഖലയിലെ പുനന്‍ ഗ്രാമത്തിലെ മഹിളാമണ്ഡല്‍ ഭവനില്‍ പാറക്കല്ലുകള്‍ വീണ് നാശമുണ്ടായി. മേഖലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും കാരണം നങ്കാരിയില്‍നിന്ന് ഖമ്മഡിയുമായി ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെട്ടു. ഇന്ന് റോഡ് പുനസ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രദേശത്ത് പാറകളും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ഗ്രാമത്തിലെ ഏതാനും കുടുംബങ്ങളെ പ്രാദേശിക തഹസില്‍ ഭവനിലേക്ക് മാറ്റിയതായി പുനന്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതർ പറഞ്ഞു. 

ഇന്നലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടായതിനാല്‍ മണാലി- ലേ ഹൈവേയും അടച്ചതായി അധികൃതര്‍ അറിയിച്ചു. ബറാലച്ച ലായില്‍ വീണ്ടും മഞ്ഞുവീഴ്ചയുണ്ടായതിനെ തുടര്‍ന്ന് തന്ത്രപ്രധാനമായ ഹൈവേയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ആളുകള്‍ക്കും യന്ത്രങ്ങള്‍ക്കും തടസ്സം നേരിട്ടു. 15,912 അടി ഉയരത്തില്‍, മണാലി- ലേ ഹൈവേയിലെ ഏറ്റവും ഉയരം കൂടിയ അഞ്ച് മലനിരകളിലൊന്നാണ് ബരലാച്ച ലാ.
ഹിമാചല്‍ പ്രദേശ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എച്ച്ആര്‍ടിസി) ലേ- ഡല്‍ഹി ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ആയിരം കിലോമീറ്ററിലധികം ദൂരം വരുന്ന പാതയാണ് എച്ച്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്ന ഏറ്റവും അപകടകരവും ദൈര്‍ഘ്യവുമുള്ള പാത. 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബെയ്‌ലി പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഷിംലയെയും കിന്നൗറിനെയും ബന്ധിപ്പിക്കുന്ന അഞ്ചാം നമ്പര്‍ ദേശീയ പാത അടച്ചു. ഈ പാതയിലുടനീളം ഒന്നിലധികം ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 17 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 

Eng­lish Sum­ma­ry : heavy land­slide in himachal pradesh 

You may also like this video :

Exit mobile version