Site iconSite icon Janayugom Online

കനത്തമഴ തുടരുന്നു; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. ഇന്നലെ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മഴക്കെടുതിക്ക് ശമനമുണ്ടായില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും കൃഷിനാശവുമുണ്ടായി. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ (199 ) ആണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് നൽകി. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപ്പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. മധ്യ ഗുജറാത്തിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. മഴ തുടരുമെങ്കിലും നാളെ മുതൽ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. 

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം. കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ മേഖലയിൽ പ്രത്യേക ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. സംസ്ഥാനത്തൊട്ടാകെ 34 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 169 കുടുംബങ്ങളിലെ 598 പേരെ മാറ്റിപ്പാര്‍ച്ചിട്ടുണ്ട്.

നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ (മണിമല നദി) ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിലെ വെള്ളൈക്കടവ് സ്റ്റേഷൻ (കരമന നദി), പത്തനംതിട്ട ജില്ലയിലെ മടമൺ സ്റ്റേഷൻ (പമ്പ നദി), തുമ്പമൺ സ്റ്റേഷൻ (അച്ചൻകോവിൽ നദി), കോട്ടയം ജില്ലയിലെ പുല്ലക്കയാർ സ്റ്റേഷൻ (മണിമല നദി) , ഇടുക്കി ജില്ലയിലെ മണക്കാട് സ്റ്റേഷൻ (തൊടുപുഴ നദി), തൃശൂർ ജില്ലയിലെ കൊണ്ടാഴി സ്റ്റേഷൻ (ഗായത്രി നദി) എന്നിവിടങ്ങളിൽ കേന്ദ്ര ജല കമ്മിഷൻ യെല്ലോ അലർട്ടും പ്രഖ്യാപിച്ചുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 

Eng­lish Sum­ma­ry: Heavy rain con­tin­ues; Yel­low alert in nine dis­tricts today

You may also like this video

Exit mobile version