വീണ്ടും മഴ കനത്തതോടെ കുട്ടനാട്ടിലെ രണ്ടാം കൃഷിയുടെ വിളവെടുപ്പും സംഭരണവും പ്രതിസന്ധിയിൽ. തകഴി കൃഷിഭവൻ പരിധിയിൽപ്പെട്ട പോളേപ്പാടം, എടത്വയിലെ പച്ച എരവുരി പാടശേഖരങ്ങളിൽ കൊയ്ത്ത് നടക്കാനുണ്ട്. പോളേപ്പാടത്ത് കൊയ്ത്ത് ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ ഇന്നലെ നിർത്തിവയ്ക്കേണ്ടി വന്നു. കൊയ്ത നെല്ല് പാടശേഖരത്തിൽ നിന്നും മാറ്റാനാകാതെ പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയാണ്.
ഏതാനും കർഷകരുടെ കൊയ്യാറായ നെല്ല് ശക്തമായ മഴയിൽ നിലംപൊത്തുകയും ചെയ്തു. ഈ അവസരത്തിൽ സംഭരണത്തിലെ കിഴിവാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്നം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ഏജന്റുമാർ ആവശ്യപ്പെടുന്ന കിഴിവിന് കർഷകർ നെല്ല് നൽകുകയാണ്. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് കൃഷിക്കാർ ആവശ്യപ്പെടുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇക്കുറി രണ്ടാം കൃഷിയുടെ ചെലവ് വർധിച്ചിരുന്നു. ഒട്ടുമിക്ക പാടങ്ങളിലും വരിനെല്ല് സുലഭമായി വളർന്നിരുന്നു. ഇത് ഒഴിവാക്കാൻ മൂന്നിലേറെ തവണ മരുന്ന് തളിച്ച കർഷകരുണ്ട്.
പുഞ്ച കൃഷിയുടെ പ്രാരംഭ നടപടിയും കനത്ത മഴയെ തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. മിക്ക പാടങ്ങളിലും വെള്ളം വറ്റിച്ച് കൃഷിപ്പണി ആരംഭിച്ചിരുന്നു. നദിയിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയതോടെ പല പാടങ്ങളിലും പമ്പിങ് നിർത്തിവച്ചിരിക്കുകയാണ്. മഴ നീണ്ടുനിന്നാൽ പുഞ്ചകൃഷി വൈകാൻ സാധ്യത ഉണ്ട്. അപ്പർ കുട്ടനാട് മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതോടെ മട വീഴ്ചയ്ക്കും സാധ്യത വർധിക്കുകയാണ്.
English Summary: heavy rain ; crisis in Kuttanad
You may also like this video