Site iconSite icon Janayugom Online

കനത്ത മഴ; അതീവ ജാഗ്രത, 24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും

സംസ്ഥാനത്ത് കനത്ത മഴ. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അടുത്തദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമഴയ്ക്കുള്ള റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ബുധനാഴ്ച വരെ പരക്കെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും അതീവ ജാഗ്രത പാലിക്കണം. കേരള തീരത്ത് കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്.

 

ഉന്നതതലയോഗം ചേര്‍ന്നു

തിരുവനന്തപുരം: മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്തെ വകുപ്പ് മേധാവികളുടെ ഉന്നതതലയോഗം ചേർന്നു. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയുള്ള പ്രവർത്തനത്തിന് ആവശ്യമായ നിർദേശങ്ങള്‍ യോഗം നൽകി. ഓരോ ജില്ലയിലെയും തയാറെടുപ്പുകൾ അവലോകനം ചെയ്തു. ചെളിയും എക്കലും നീക്കുന്നത് ഉൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്.

24 മണിക്കൂറും കണ്‍ട്രോള്‍ റൂമുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യേക കണ്‍ട്രോൾ റൂം സജ്ജമാക്കും. അടിയന്തര ഘട്ടങ്ങളിൽ വൈദ്യ സഹായം ­എത്തി ക്കാൻ കനിവ് 108 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Heavy rain; Extreme caution

You may like this video also

Exit mobile version